ആഗോളസൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് ഇന്ത്യയുടേത്- റിപ്പോര്‍ട്ട്

ആഗോളസൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് ഇന്ത്യയുടേത്: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ആഗോള സൂചികയില്‍ ജി20 രാജ്യങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഇന്ത്യയുടേതെന്ന് റിപ്പോര്‍ട്ട്. ബ്രിക്സ് ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലുള്ള രാജ്യങ്ങളില്‍ ഏറ്റവും താഴെയാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജിയോ പൊളിറ്റിക്കല്‍ ബ്ലോക്കിലെ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് റാങ്കിങ് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയിലാണ് ഇന്ത്യയുടെ സ്ഥാനം 2025ലായപ്പോഴേക്കും 85ാം സ്ഥാനത്തേക്ക് താഴ്ന്നതായി പറയുന്നത്. ഇത് 2024ല്‍ 80ാം സ്ഥാനത്തായിരുന്നു.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ആഗോള യാത്ര വിവരങ്ങളില്‍ നിന്ന് ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക വിവരങ്ങള്‍ ശേഖരിച്ചത്.

ആഗോളതലത്തില്‍ രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുന്നതായും സ്വാഗതം ചെയ്യുന്നുവെന്നും പറയപ്പെടുമ്പോള്‍ 2025ലെ പാസ്‌പോര്‍ട്ട് സൂചിക റാങ്കിങ് പ്രകാരം ഇത് വ്യത്യാസപ്പെടുന്നുവെന്ന് പറയുന്നു.

ഇന്ത്യയുടെ സാധാരണ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസയില്ലാതെ 57 സ്ഥലങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ കഴിയുക. ഇതില്‍ ഭൂരിഭാഗവും ചെറിയ ദ്വീപ് രാഷ്ട്രങ്ങളും വിദേശ പ്രദേശങ്ങളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം കുറവാണെന്നും ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഏറ്റവും ദുര്‍ബലമണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആഗോള രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് സൂചികയില്‍ ഓസ്‌ട്രേലിയ ആറാം സ്ഥാനത്തും കാനഡ 7ാം സ്ഥാനത്തുമാണ്. യു.എസ്.എ ഒമ്പതാം സ്ഥാനത്തുമാണെന്നാണ് കണക്ക്. അതേസമയം തുര്‍ക്കി 46ാം സ്ഥാനത്താണ്.

അതേസമയം ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, യു.കെ എന്നിവയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ്.

Content Highlight: India has weakest passport among G20 countries in global index: report




Source link