national news
ഭരണകൂടവുമായി പോരാടുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കേസ്
ന്യൂദല്‍ഹി: ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസാണ് മോന്‍ജിത്ത് ചോട്യ എന്നയാളുടെ പരാതിയിന്മേല്‍ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 152, 197 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പരാതിയില്‍ പറയുന്നത്. രാജ്യത്ത് അശാന്തിയും വിഘടനവാദ വികാരങ്ങളും ഉണര്‍ത്താന്‍ കഴിയുന്ന അപകടകരമായ ആഖ്യാനമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്നാണ് പരാതിക്കാരന്‍ എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.
ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ ഓരോ സ്ഥാപനവും പിടിച്ചടക്കിയെന്നും ഞങ്ങള്‍ ഇപ്പോള്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഇന്ത്യന്‍ ഭരണകൂടത്തിനുമെതിരെ പോരാടുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ജനുവരി 15ന് ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ നിരാശയാണ് രാഹുല്‍ ഗാന്ധിയെ ഇത്തരമൊരു പരാമര്‍ശം നടത്താന്‍ പ്രേരിപ്പിച്ചതെന്നും പരാതിക്കാരന്‍ ആരോപിച്ചു.
‘പ്രതിപക്ഷ നേതാവെന്ന നിലയില്‍, ജനാധിപത്യ സ്ഥാപനങ്ങളില്‍ പൊതുജനവിശ്വാസം നിലനിര്‍ത്താന്‍ ഗാന്ധിക്ക് ഉത്തരവാദിത്തമുണ്ട്, പകരം ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അപകടമുണ്ടാക്കുന്ന, അസത്യങ്ങള്‍ പ്രചരിപ്പിക്കാനും കലാപം ഇളക്കിവിടാനുമാണ് അദ്ദേഹം ശ്രമിച്ചത്.
ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ജനവിശ്വാസം നേടിയെടുക്കാന്‍ കഴിയാത്തതിനാല്‍, പ്രതി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനും ഇന്ത്യാ രാജ്യത്തിനുമെതിരെ അസംതൃപ്തി വളര്‍ത്താന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന അദ്ദേഹത്തിന്റെ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഈ പെരുമാറ്റം ഭയം ഉളവാക്കുന്നതാണ്. ജനാധിപത്യ സ്ഥാപനങ്ങളില്‍ പൊതുവിശ്വാസം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം മുതലെടുത്ത കുറ്റാരോപിതന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കാനും കലാപം ഇളക്കിവിടാനും തന്റെ വേദി തെരഞ്ഞെടുത്തു,’ എഫ്.ഐ.ആറില്‍ പറയുന്നു.
നേരത്തെ ബി.ജെ.പിയും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. രാഹുലിന്റെ പ്രസ്താവനയിലൂടെ രാജ്യത്തിനെതിരെ പോരാടുന്ന കോണ്‍ഗ്രസിന്റെ വിരൂപ മുഖം വെളിച്ചത്തായെന്നാണ് ദേശീയ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രതികരിച്ചത്.
Content Highlight: F.I.R filed against Rahul Gandhi’s statement ‘we are now fighting against Indian State’