അടച്ചുറപ്പില്ലാത്ത ടെന്റുകളില്‍ കഴിയുന്ന അനേകായിരം മനുഷ്യരെയും ഈ വെള്ളാരംകണ്ണുകളില്‍ കാണാം- മൃദുല ദേവി

അടച്ചുറപ്പില്ലാത്ത ടെന്റുകളില്‍ കഴിയുന്ന അനേകായിരം മനുഷ്യരെയും ഈ വെള്ളാരംകണ്ണുകളില്‍ കാണാം: മൃദുല ദേവി

കോഴിക്കോട്: മഹാ കുഭമേളയില്‍ മാല വില്‍ക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെൺകുട്ടിയുടെ സൗന്ദര്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞെങ്കില്‍ ഇനി അവളുടെ ദുരവസ്ഥകള്‍ ചര്‍ച്ചാവിഷയമാക്കാമെന്ന് ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി.

അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവുമില്ലാതെ അതിനെപ്പറ്റി ചിന്തിക്കുവാന്‍ പോലുമറിയാത്ത അനവധി ഇന്ത്യന്‍ പെണ്‍കുട്ടികളെയാണ് മൊണാലിസ എന്ന ബെഞ്ചാരെ പെണ്‍കുട്ടി പ്രതിനിധീകരിക്കുന്നതെന്നും മൃദുല ദേവി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മൃദുലയുടെ പ്രതികരണം.

വൈറലായ മൊണാലിസ ഇപ്പോള്‍ പപ്പരാസികളുടെ ശല്യം സഹിക്കാനാവാതെ സ്വന്തം നാടായ മധ്യപ്രദേശിലേക്ക് തിരികെ പോയെന്നും മൃദുല കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സകല ക്യാമറകളും അവളുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ അവളുടെ പേരില്‍ ഉണ്ടാക്കിയ ഐഡി വണ്‍ മില്യണ്‍ കടന്നുവെന്നും മൃദുല പറയുന്നു.

എന്നാല്‍ തന്റെ പേരിലുണ്ടായ പുകിലുകള്‍ മുഴുവനും അവള്‍ അറിഞ്ഞത് മൂന്ന് ദിവസം മുമ്പ് ആളുകള്‍ തന്നെക്കാണുവാന്‍ തടിച്ചു കൂടിയപ്പോള്‍ മാത്രമാണെന്നും മൃദുല ചൂണ്ടിക്കാട്ടി.

‘തനിക്ക് കിട്ടിയ പ്രശസ്തി പണമാക്കുവാന്‍ അറിയാത്ത അവളുടെ ബന്ധുക്കള്‍. സിനിമയില്‍ അഭിനയിക്കുവാന്‍ താത്പര്യമില്ലെന്ന് പറയുന്ന മൊണാലിസ. അവരുടെ ഇപ്പോഴുള്ള വിഷമം കുംഭമേള നടക്കുന്ന സ്ഥലത്ത് പടഞ്ഞിരുന്നും അലഞ്ഞു നടന്നും മാല വില്‍ക്കുവാന്‍ കഴിയുന്നില്ല എന്നുള്ളതാണ്,’ മൃദുല ദേവി

‘ബേഡി പഠാവോ, ബേഡി ബച്ചാവോ’ എന്ന് നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന മോഡിഫൈഡ് ഇന്ത്യയിലെ മൊണാലിസ പഠിക്കാന്‍ പോകുന്നില്ലെന്ന വസ്തുതയും മൃദുല ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടി താമസിക്കുന്നത് ഒരു ടെന്റിലാണ്. ഉപജീവനത്തിനായി വീട്ടിലെ എല്ലാവരും മാല വില്‍ക്കുവാന്‍ ഇറങ്ങുന്നു. അടച്ചുറപ്പില്ലാത്ത ടെന്റുകളില്‍ കിടക്കുന്ന അനേകായിരം മനുഷ്യരെ കൂടിയാണ് അവളുടെ വെള്ളാരംകണ്ണുകള്‍ നമുക്ക് കാണിച്ചു തരുന്നതെന്നും മൃദുല പറഞ്ഞു.

അവളുടെ സൗന്ദര്യം വര്‍ണിച്ച് കഴിഞ്ഞെങ്കില്‍ നമുക്ക് ഈ വിഷയങ്ങളിലേക്ക് കൂടി ക്യാമറക്കണ്ണുകള്‍ പായിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് മൃദുല കുറിപ്പ് അവസാനിപ്പിക്കുന്നത്.

മഹാകുംഭമേളക്കിടെ ശ്രദ്ധിക്കപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊണാലിസയോട് ഉപമിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പെണ്‍കുട്ടിയെ കാണാനും ഫോട്ടോയെടുക്കാനും നിരവധി ആളുകള്‍ കുംഭമേളയിലേക്ക് എത്തുകയുണ്ടായി.

തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ വീട്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള വീട്ടിലേക്കാണ് പെണ്‍കുട്ടിയെ തിരിച്ചയച്ചത്.

Content Highlight: Mrudula Devi talk about viral girl in MahaKubh mela




Source link