വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കും- ഫ്രാന്‍സിസ് ജോര്‍ജ് എം.പി



Kerala News


വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കും: ഫ്രാന്‍സിസ് ജോര്‍ജ് എം.പി

കൊച്ചി: കേന്ദ്ര വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്ന് കോട്ടയം എം.പിയും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്. മുനമ്പത്തെ സമര പന്തലില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേന്ദ്ര വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്നും ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖഫ് നിയമത്തോട് നീറ് ശതമാനം താന്‍ യോജിക്കുന്നതായും ഫ്രാന്‍സിസ് ജോര്‍ജ് മുനമ്പത്ത് പറഞ്ഞു.

തന്റെയും തന്റെ പാര്‍ട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണെന്നും പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുമ്പോള്‍ ആ നിലപാട് തങ്ങള്‍ വ്യക്തമാക്കുമെന്നും പിന്തുണച്ചിരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

കാരണം അത് നീതിയുടെ പ്രശ്‌നമാണെന്നും നമ്മള്‍ ആര്‍ക്കും എതിരല്ലെന്നും ഇത്രയും വൈവിധ്യമുള്ള വിവിധ ജാതി മതവിശ്വാസികളും ആചാരങ്ങളുമൊക്കെ ഉള്ളതും ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ച് പൊയക്കൊണ്ടിരിക്കുന്ന രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ വഖഫ് നിയമം ഏകപക്ഷീയമായ രീതിയില്‍ ഒരു മതത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ക്രൈസ്തവരേയോ ഹൈന്ദവരേയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും എത്രയോ മുസ്‌ലിം സഹോദരങ്ങളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

അവര്‍ക്കും ഏകപക്ഷീയമായ രീതിയില്‍ പ്രശ്‌നഹങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പത്ത് ലക്ഷത്തോളം വരുന്ന വഖഫ് ഭൂമിയില്‍ അതിലെല്ലാം തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നേരിടുന്ന കാര്യമായ പ്രശ്‌നമെന്നത് സ്വാഭാവിക നീതിയുടെ പ്രശ്‌നമാണെന്നും ഇവിടുത്തെ ഭൂമിയില്‍ ജീവിച്ച് വളര്‍ന്ന ജനങ്ങള്‍ക്ക് എല്ലാവരെയും പോലെ നീതി ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായുള്ള നടപടിയില്‍ മായം ചേര്‍ക്കാനോ വെള്ളം ചേര്‍ക്കാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറച്ച നിലപാടുണ്ടെന്നും അതില്‍ ഒരു തരത്തിലുള്ള വ്യത്യാസവുമുണ്ടാകില്ലെന്നും പാര്‍ലമെന്റിലോ അസംബ്ലിയിലോ ഇതിന്റെ തുടക്ക കാലത്ത് പ്രശ്‌നം മനസിലാക്കാതെ എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് വിശദമായി തീരുമാനമെടുക്കേണ്ടത് ബില്ലിന്റെ ചര്‍ച്ചയ്ക്ക് വരുമ്പോഴാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ഉറച്ച നിലപാട് തന്നെയെടുക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

നിയമനിര്‍മാണ സമയത്ത് ഉറച്ച തീരുമാനമെടുക്കുമെന്നും അതിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്നും അതിനപ്പുറം അവ്യക്തമായി പ്രശ്‌നം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Waqf Amendment Bill to be supported in Parliament: Francis George MP




Source link