മഥുര ഷാഹി മസ്ജിദ് സര്‍വേ; സ്‌റ്റേ നീട്ടി സുപ്രീം കോടതി

മഥുര ഷാഹി മസ്ജിദ് സര്‍വേ; സ്‌റ്റേ നീട്ടി സുപ്രീം കോടതി

മഥുര: ഉത്തര്‍പ്രദേശ് ഷാഹി മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി വീണ്ടും നീട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഹരജികള്‍ ഏപ്രില്‍ ഒന്നിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സര്‍വേ നടത്താന്‍ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മറ്റി നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി സര്‍വേ സ്‌റ്റേ ചെയ്തത്.

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വെ നടത്തണമെന്നും പള്ളിപൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തെ അലഹബാദ് ഹൈക്കോടതിയും ഈ ഹരജി തള്ളിയിരുന്നു. ഭാവിയില്‍ ഇത്തരം ഹരജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് ചെയ്തിരുന്നു.

മസ്ജിദ് നില്‍ക്കുന്ന സ്ഥലം കൃഷ്ണന്റെ ജന്മസ്ഥലമായി അംഗീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹരജിയിലുണ്ടായിരുന്നത്. അഡ്വക്കേറ്റ് മഹത് മഹേശ്വരി ആണ് അലഹബാദ് ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മഹത് മഹേശ്വരി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

2023 സെപ്റ്റംബറില്‍ മസ്ജിദില്‍ ശാസ്ത്രീയ സര്‍വെ നടത്തണമെന്ന ശ്രീകൃഷ്ണജന്മഭൂമി മുക്തി നിര്‍മ്മാണ ട്രസ്റ്റിന്റെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു. നിലവില്‍ വാദം നടക്കുന്ന അലഹബാദ് ഹൈക്കോടതി തീരുമാനം എടുക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.

ഡിസംബര്‍ 14ന് അലഹബാദ് ഹൈക്കോടതി കോടതിയുടെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയെവെച്ച് മസ്ജിദില്‍ സര്‍വ്വേ നടത്താന്‍ ഉത്തരവിട്ടിരുന്നു. ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

16ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് തകര്‍ത്ത കത്ര കേശവദേവ് ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്നും അതിന് പകരം ഷാഹി മസ്ജിദ് പണിതെന്നുമുള്ള വാദം ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയിരുന്നു. മഥുരയിലെ ഷാഹി മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ കൃഷ്ണ ജന്മസ്ഥാനത്താണ് നിര്‍മിച്ചതെന്നും ആരോപിക്കപ്പെടുന്നുണ്ട്.

Content Highlight: Mathura Shahi Masjid Survey; The Supreme Court extended the stay




Source link