സാന്ത്വനമായിരുന്നു ആവശ്യം വീഡിയോ പ്രചരിപ്പിക്കലല്ല; അധ്യാപകര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി
Kerala News
സാന്ത്വനമായിരുന്നു ആവശ്യം വീഡിയോ പ്രചരിപ്പിക്കലല്ല; അധ്യാപകര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവന്തപുരം: പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സംഭവത്തിലെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ മത്സരിച്ച് പ്രചരിപ്പിക്കുന്നവരെ വിമര്‍ശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ മത്സരിച്ച് പ്രചരിപ്പിക്കുന്ന മുതിര്‍ന്നവരോട് നിരവധി ചോദ്യങ്ങളാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്നത്.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയുടെ വൈകാരിക സന്ദര്‍ഭങ്ങളില്‍ അവരെ മനസിലാക്കുകയും സാന്ത്വനിപ്പിക്കുകയുമാണ് അധ്യാപകര്‍ ചെയ്യേണ്ടതെന്നും അല്ലാതെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് അധ്യാപകര്‍ക്ക് ചേര്‍ന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.
‘പ്രായപൂര്‍ത്തി ആകാത്ത ഒരു കുട്ടിക്ക്, തന്റെ വിദ്യാര്‍ത്ഥിക്ക് അവന്റെ വൈകാരിക സംഘര്‍ഷങ്ങളുടെ സന്ദര്‍ഭങ്ങളില്‍ മനസിലാക്കലിന്റെ, സാന്ത്വനത്തിന്റെ, ചേര്‍ത്തു പിടിക്കലിന്റെ ഒരു ആര്‍ദ്രസ്പര്‍ശം മതിയാകും അവനില്‍ മാറ്റമുണ്ടാകാന്‍ എന്നു തോന്നുന്നു. ..അതിനുപകരം വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് തീര്‍ച്ചയായും അദ്ധ്യാപകര്‍ക്ക് ചേര്‍ന്ന കാര്യമല്ല,’ മന്ത്രി കുറിച്ചു.
ഉള്ളില്‍ അഗ്‌നിപര്‍വ്വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടെന്നും ആരാണ് അതിനു കാരണക്കാരെന്നും ആ കുഞ്ഞുങ്ങളാണോയെന്നും ഭഗ്‌നഭവനങ്ങളും സ്‌നേഹരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളും ഒക്കെ അതിനു കാരണമാകാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരളത്തിലെ സ്‌കൂളുകളില്‍ എത്രയോ മാതൃകാപരമായ കാര്യങ്ങള്‍ നടക്കുന്നുവെന്നും കുഞ്ഞുങ്ങളും അദ്ധ്യാപകരും ചേര്‍ന്ന് പഠനം പാല്‍പ്പായസമാക്കുന്നതും സര്‍ഗ്ഗാത്മകതയുടെ ചൈതന്യം നിറഞ്ഞ എത്രയോ വീഡിയോകള്‍ വിദ്യാഭ്യാസ മന്ത്രി പങ്കുവെക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അദ്ധ്യാപകക്കൂട്ടം എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും നിരവധി കാര്യങ്ങള്‍ കാണാറുണ്ടെന്ന് പറഞ്ഞ മന്ത്രി അതുപോലുള്ള ചില വീഡിയോകളൊന്നും ഷെയര്‍ ചെയ്യാതെ ഒരു കുഞ്ഞിന്റെ വിഹ്വലമുഹൂര്‍ത്തങ്ങള്‍ പങ്കു വെച്ച്, അവനെ ക്രിമിനലാക്കി, അത് സാമാന്യവത്ക്കരിച്ച് കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിര്‍ന്നവരുടെ മനസിലെ സാഡിസ്റ്റകളെ എടുത്തുകളയാന്‍ സമയമായെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight: Consolation was the need not to spread the video; Minister of Higher Education in the case of teachers spreading the video of a Plus One student