32 വർഷത്തിനിടെ അരുണാചൽ പ്രദേശിൽ 110 ഹിമാനികൾ ഇല്ലാതായി; റിപ്പോർട്ട്
ഇറ്റാനഗർ: കഴിഞ്ഞ 32 വർഷങ്ങൾക്കുള്ളിൽ അരുണാചൽ പ്രദേശിലെ 110 ഹിമാനികൾ ഇല്ലാതായതായി റിപ്പോർട്ട്. 1988 നും 2020 നും ഇടയിൽ 110 ഹിമാനികൾ അപ്രത്യക്ഷമായതായി ജേണൽ ഓഫ് എർത്ത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം പറയുന്നു.
1988ൽ സംസ്ഥാനത്ത് 585.23 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 756 ഹിമാനികൾ ഉണ്ടായിരുന്നു. 2020 ആയപ്പോഴേക്കും ഹിമാനികളുടെ എണ്ണം 646 ആയി കുറഞ്ഞു, അവയുടെ ആകെ വിസ്തീർണ്ണം 275.381 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഇത് ഏകദേശം 16.94 ചതുരശ്ര കിലോമീറ്ററിന്റെ വാർഷിക ഹിമാനികളുടെ നഷ്ടത്തിന് കാരണമാകുന്നു എന്നാണ്.
സംസ്ഥാനത്തിന് പ്രതിവർഷം 16.94 ചതുരശ്ര കിലോമീറ്റർ എന്ന തോതിൽ ഹിമാനികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. ഹിമാനികൾ ഇല്ലാതാകുന്നതോടെ ഗ്ലേഷ്യൽ തടാകങ്ങൾ ഉണ്ടാവുന്നതിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.
നാഗാലാൻഡ് സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വകുപ്പിലെ വിംഹ റിറ്റ്‌സെ, അമേനുവോ സൂസൻ കുൽനു, ലതോങ്‌ലില ജാമിർ, കോട്ടൺ സർവകലാശാലയിലെ പരിസ്ഥിതി ജീവശാസ്ത്ര, വന്യജീവി ശാസ്ത്ര വകുപ്പിലെ നബാജിത് ഹസാരിക എന്നിവർ ചേർന്ന് തയാറാക്കിയ ജേണൽ ഓഫ് എർത്ത് സിസ്റ്റം സയൻസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 4,500 നും 4,800 നും ഇടയിൽ ഉയരത്തിൽ, വടക്കോട്ട് അഭിമുഖമായി, 15° നും 35° നും ഇടയിലുള്ള ചരിവുകളിൽ സ്ഥിതി ചെയ്യുന്ന ഹിമാനികളെയാണ് ഗവേഷകർ നിരീക്ഷിക്കാൻ എടുത്തത്.
ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിമാലയത്തിലെ ഹിമാനികളുടെ ഉരുകൽ അതിവേഗത്തിലാണ് ഉണ്ടാകുന്നതെന്ന് പഠനത്തിൽ പറയുന്നു. അഞ്ച് ചതുരശ്ര കിലോമീറ്ററിൽ താഴെയുള്ള ചെറിയ ഹിമാനികൾ വളരെ വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
കിഴക്കൻ ഹിമാലയത്തിൽ ആഗോള ശരാശരിയേക്കാൾ ഉയർന്ന തോതിൽ ചൂട് കൂടുന്നുണ്ടെന്നും, ഓരോ ദശകത്തിലും താപനില 0.1° മുതൽ 0.8°C വരെ വർധിക്കുന്നുണ്ടെന്നും ഗവേഷണം സ്ഥിരീകരിക്കുന്നു.
ഈ താപനില വർധനവ് തുടരുമെന്നും, നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനില 5-6°C വരെയും മഴ 20-30% വരെയും കൂടുമെന്നും പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ആഗോള ശരാശരി താപനില 1.6°C വർധിച്ചുവെന്നും വടക്കുപടിഞ്ഞാറൻ ഹിമാലയത്തിൽ ഇതിലും ഉയർന്ന തോതിലുള്ള താപനില വർധനവ് അനുഭവപ്പെടുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
Content Highlight: Rapid Himalayan glacier melt: Arunachal loses 110 glaciers in 32 years, study finds