കുന്ന് – കോട്ടപ്പുറം പാലം നിർമ്മാണം ഇക്കൊല്ലം തുടങ്ങുമെന്ന് ധനമന്ത്രി
കളമശ്ശേരി മണ്ഡലത്തിലെ കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുന്ന് കോട്ടപ്പുറം പാലം നിർമ്മാണം ഇക്കൊല്ലം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലം നിർമ്മാണത്തിനായി 2023 – 24 ബജറ്റിൽ തുക വകയിരുത്തിയിരുന്നു.
352.30മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിനായി 39. 20 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഇരുവശത്തും 1.5 മീറ്റർ നടപ്പാതയും ഉണ്ടാവും. 2023 ൽ സോയിൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ഡിസൈൻ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അയിരൂർ പാലം നിർമ്മാണത്തിന് 6 കോടി രൂപ അനുവദിച്ചതുൾപ്പെടെ 123.6 കോടി രൂപയുടെ പദ്ധതികളാണ് ഇക്കൊല്ലം ബജറ്റവതരണത്തിൽ പ്രഖ്യാപിച്ചത്.
രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് കളമശ്ശേരി മണ്ഡലത്തിന് അനുവദിക്കപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബൃഹദ് പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് കുന്ന് – കോട്ടപ്പുറം പാലമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയതോടെ പദ്ധതി യാഥാർത്ഥ്യമാകാൻ വഴിയൊരുങ്ങിയതായും മന്ത്രി പറഞ്ഞു.