Kerala News
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പേരില്‍ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പരാതിയുമായി കെ.എഫ്.സി
തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പേരില്‍ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ്ബുക്ക് പേജ് വഴി തട്ടിപ്പ്. കേരള സര്‍ക്കാരിന്റെ ലോഗോ പ്രൊഫൈല്‍ പിക്ചര്‍ ആയി ഉപയോഗിച്ചുകൊണ്ട് അപ്ലൈ ടുഡേ ഓണ്‍ലൈന്‍ സര്‍വീസ് എന്ന വ്യാജ ഫേസ്ബുക്ക് പേജ് വഴിയാണ് വായ്പ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ലോഗോയും ഉപയോഗിച്ചിരുന്നു. ഒരുലക്ഷം രൂപ മുതല്‍ അന്‍പത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പൂജ്യം ശതമാനം പലിശയ്ക്ക് 30 മിനിട്ടിനുള്ളില്‍ അനുവദിക്കും എന്നായിരുന്നു വാഗ്ദാനം.
ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുള്ള നമ്പറില്‍ വിളിക്കുകയോ വാട്സ്ആപ്പില്‍ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരോട് പ്രോസസിങ്ങ് ഫീസ് ആയി പണം ആവശ്യപ്പെട്ടെന്നുമാണ് വിവരം. ഇത്തരം പോസ്റ്റ് പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്ന് കോര്‍പറേഷന്‍ അറിയിച്ചു.
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും വായ്പകള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. കെ.എഫ്.സി വഴി വ്യക്തിഗത വായ്പകള്‍ ലഭ്യമാകില്ല. മാത്രമല്ല, കെ.എഫ്.സിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വായ്പകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താറുണ്ട്.
എന്നാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.kfc.org വഴിയും കെ.എഫ്.സിയുടെ ബ്രാഞ്ചുകള്‍ വഴിയും മാത്രമേ വായ്പകള്‍ അപ്ലൈ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ഇതിനായി ഓണ്‍ലൈനിലൂടെ മുന്‍കൂറായി ഒരുതരത്തിലുള്ള ഫീസുകളും ആവശ്യപ്പെടാറില്ലെന്നും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അറിയിച്ചു.
ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും അനധികൃത ഫേസ്ബുക്ക് പേജുകളിലൂടെ വരുന്ന പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും കെ.എഫ്.സി അഭ്യര്‍ത്ഥിച്ചു. കെ.എഫ്.സി അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ഐ.ടി ആക്ട് 66 സി പ്രകാരം കേസെടുത്തിട്ടുണ്ട്.
വ്യാജ പോസ്റ്റിലുണ്ടായിരുന്ന ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ പഞ്ചാബിലെ ലുധിയാന ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത പോസ്റ്റിന്റെയും പേജിന്റെയും വിവരങ്ങള്‍ കൈമാറുന്നതിനായി പൊലീസ് മെറ്റാ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Content Highlight: Online fraud by offering interest-free loans in the name of Kerala Financial Corporation; KFC filed a complaint