Kerala News
‘സ്ത്രീ യാത്രപോകുമ്പോള്‍ ഭര്‍ത്താവോ സഹോദരനോ കൂടെയുണ്ടാകണം’; ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം
മലപ്പുറം: മകള്‍ക്കൊപ്പം മണാലിയില്‍ ടൂര്‍ പോയ നഫീസുമ്മയെ അധിക്ഷേപിച്ച എ.പി സുന്നി വിഭാഗം നേതാവ് ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ ഭര്‍ത്താവോ സഹോദരനോ പിതാവോ കൂടെ വേണമെന്ന് ഇസ്‌ലാമില്‍ പറയുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞു.
സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് പറയുന്ന മതമാണ് ഇസ്‌ലാമെന്നും സ്ത്രീകളെ പുറകോട്ട് തള്ളുകയല്ല സ്ഥാനം ഉണ്ടാക്കി കൊടുക്കലാണ് ചെയ്തിട്ടുള്ളതെന്നും കാന്തപുരം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
’25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ, ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലേണ്ടതിന് പകരം ഏതോ ഒരു നാട്ടില്‍ മഞ്ഞില്‍ കളിക്കാന്‍ വേണ്ടി പോയിരിക്കുകയാണ്,’ എന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ അധിക്ഷേപ പരാമര്‍ശം. ഇബ്രാഹിം സഖാഫിയുടെ പരാമര്‍ശത്തെ ന്യായീകരിക്കും വിധമാണ് കാന്തപുരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ ഇബ്രാഹിം സഖാഫിയുടെ പരാമര്‍ശത്തിനെതിരെ നഫീസുമ്മയുടെ മകള്‍ രംഗത്തെത്തിയിരുന്നു. വിധവയായ ഒരു സ്ത്രീക്ക് ലോകം കാണാന്‍ വിലക്കുണ്ടോ എന്ന ചോദ്യത്തോടെയാണ് ഇബ്രാഹിം സഖാഫിയുടെ വിമര്‍ശനങ്ങളില്‍ ഉള്‍പ്പെടെ മകള്‍ പ്രതികരിച്ചത്.
ലോകം പുരുഷന് കാണാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതാണോയെന്നും ഉസ്താദിന്റെ വാക്കുകള്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണെന്നും മകള്‍ പ്രതികരിച്ചിരുന്നു. ആണുങ്ങള്‍ക്ക് ഈ പറഞ്ഞ സ്വലാത്തൊന്നും ബാധകമല്ലെന്നാണോ എന്നും മകള്‍ ചോദ്യം ഉയര്‍ത്തിയിരുന്നു.
വി.പി. സുഹ്റ ഉള്‍പ്പെടെയുള്ളവരും ഇബ്രാഹിം സഖാഫിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു. നിലവില്‍ പിന്തുടര്‍ച്ചാവകാശത്തില്‍ മുസ്‌ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി.പി. സുഹ്റ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനത്തെ തള്ളിയായിരുന്നു കാന്തപുരത്തിന്റെ മുസ്‌ലിയാരുടെ സ്ത്രീകളുടെ അവകാശം സംബന്ധിച്ച പ്രസ്താവന.
നാളെ (ഞായര്‍) ജന്തര്‍ മന്ദറില്‍ വെച്ച് വി.പി. സുഹ്റ നിരാഹാരസമരം ആരംഭിക്കും. എന്ത് വന്നാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സുഹ്റ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: ‘A woman should be accompanied by her husband or brother when she travels’; Kanthapuram in justifing Ibrahim Sakhafi