Kerala News
ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് അച്ഛന്റെ പരാതി; വ്യാജപരാതിയെങ്കില്‍ അച്ഛനെതിരെ കേസെടുക്കുമെന്ന് കോടതി
കൊച്ചി: തൃശൂരില്‍ ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്റെ പരാതി. കൊടുങ്ങല്ലൂരിലാണ് സംഭവം. അച്ഛന്റെ പരാതിയില്‍ അമ്മക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു.
തുടര്‍ന്ന് ഹൈക്കോടതി യുവതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് യുവതി ഫയല്‍ ചെയ്ത അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.
പോക്സോ കേസ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ അച്ഛനെതിരെ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആറില്‍ കേസില്‍ സംശയമുള്ളതായി പൊലീസും പറയുന്നുണ്ട്.
ജസ്റ്റിസ് ടി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. അച്ഛന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് നടപടിയില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കുട്ടിയെ അമ്മ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് മറ്റൊരു സ്ത്രീ പറഞ്ഞതായി അറിഞ്ഞുവെന്ന് കാണിച്ചാണ് അച്ഛന്റെ പരാതി.
എന്നാല്‍ ദമ്പതികളുടെ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട തര്‍ക്കം നാടിന് നാണക്കേടുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസ് അടക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് യുവതിക്കെതിരെ ഭര്‍ത്താവ് പരാതി നല്‍കിയത്.
അടുത്തിടെ വ്യാജ ലൈംഗികാരോപണ പരാതികളില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരാതി ഉന്നയിക്കുന്നത് സ്ത്രീ ആയതുകൊണ്ട് മാത്രം ആരോപണം സത്യമാകണമെന്നില്ലെന്ന് കോടതി പറഞ്ഞത്.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതായിരുന്നു ഉത്തരവ്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതി വിധി.
ആരോപണത്തില്‍ പ്രതിയുടെ ഭാഗം കൂടി വ്യക്തമായി പൊലീസ് അന്വേഷിക്കണമെന്നും പരാതി വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
നിരപരാധികള്‍ക്കെതിരെ വളരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ വ്യാജമായി ആരോപിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പണം കൈമാറിയാല്‍ മാനം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ പരിഗണിച്ച കൊടുങ്ങല്ലൂര്‍ കേസില്‍, ലൈംഗിക ആരോപണം നടത്തുന്നത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഏകപക്ഷീയമായ അന്വേഷണം ഉണ്ടാകരുതെന്ന് കോടതി പറഞ്ഞു. വിശദമായ അന്വേഷണം വേണമെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണനും ആവര്‍ത്തിച്ചു.
Content Highlight: The father’s complaint that the mother abused the one-and-a-half-year-old girl; If the complaint is false, the court will file a case against the father