World News
നെതന്യാഹു രാജിവെക്കണമെന്ന് ആഗ്രഹിക്കുന്നത് 75 ശതമാനം ഇസ്രഈലികള്‍; റിപ്പോര്‍ട്ട്
ടെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവെക്കണമെന്ന് ആഗ്രഹിക്കുന്നത് 75 ശതമാനം ഇസ്രഈലികള്‍.
ഇസ്രഈല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ഡി.ഐ) നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇസ്രഈല്‍ വോയ്സ് ഇന്‍ഡക്സ് പ്രകാരം, 87 ശതമാനം പേര് നെതന്യാഹു രാജിവെച്ചില്ലെങ്കിലും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പറയുന്നു.
48 ശതമാനം ഇസ്രഈലികള്‍ നെതന്യാഹു ഉടനെ രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു. 24.5 ശതമാനം ആളുകള്‍ ഗസക്കെതിരായ യുദ്ധത്തിന് ശേഷം പ്രധാനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെടുന്നു.
14.5 ശതമാനം ഇസ്രഈലികള്‍ ഹമാസിന്റെ ആക്രമണത്തില്‍ നെതന്യാഹു ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എന്നാല്‍ ഭരണത്തില്‍ തുടരണമെന്നും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പ്രകാരം 72.5 ശതമാനം ഇസ്രഈലികള്‍ നെതന്യാഹുവിന്റെ രാജി ആഗ്രഹിക്കുന്നുണ്ട്.
നെതന്യാഹുവിന്റെ രാജി ആവശ്യപ്പെടുന്നവരില്‍ 45 ശതമാനവും ജൂതന്മാരാണ്. 59 ശതമാനം അറബ് അനുകൂലികളും. ഇടതുപക്ഷക്കാരായ 83.5 ശതമാനം ആളുകളാണ് നെതന്യാഹു രാജിവെക്കണമെന്ന് പ്രതികരിച്ചത്. 69 ശതമാനം മധ്യചിന്താഗതിക്കാര് നെതന്യഹുവിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ 25.5 ശതമാനം വലതുപക്ഷക്കാര്‍ മാത്രമേ നെതന്യാഹുവിനെതിരെ നിലപാട് സ്വീകരിക്കുന്നുള്ളു.
ഫെബ്രുവരി 25നും 28നും ഇടയില്‍ ഐ.ഡി.ഐ നടത്തിയ സര്‍വേയില്‍ 33 ശതമാനം പേര് മാത്രമേ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നുള്ളു. 30 ശതമാനം ഇസ്രഈലികള്‍ രാജ്യത്ത് കൂടുതല്‍ ഐക്യമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഹീബ്രുവിലും അറബിയിലും സംസാരിക്കുന്ന 759 പേര്‍ക്കിടയിലാണ് ഐ.ഡി.ഐ സര്‍വേ നടത്തിയത്.
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിലെ രണ്ടാംഘട്ടം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ 73 ശതമാനം ഇസ്രഈലികളും ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ഗസയില്‍ പൂര്‍ണമായും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ച് മോചിതരായ ഇസ്രഈല്‍ തടവുകാര്‍ പ്രതികരിച്ചിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് മോചിതരായ 56 തടവുകാര്‍ അടങ്ങുന്ന സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കത്തിലൂടെ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇസ്രഈലി തടവുകാരെ ഫലസ്തീനില്‍ നിന്നും മോചിപ്പിച്ച ശേഷം, ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ മാര്‍ച്ച് ഒന്നിന് അവസാനിച്ചിരുന്നു.
ഒന്നാം ഘട്ടം ഏപ്രില്‍ പകുതി വരെ നീട്ടാമെന്ന് ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹമാസ് ആവശ്യം അംഗീകരിച്ചിരുന്നില്ല. രണ്ടാംഘട്ടം വെടിനിര്‍ത്തലിലേക്ക് മാറണമെന്നും ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പൂര്‍ണമായി പിന്മാറണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെ, കഴിഞ്ഞ ഞായറാഴ്ച ഗസയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും ഇസ്രഈല്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇന്നലെ ഗസയിലേക്കുള്ള വൈദ്യുതിയും ഇസ്രഈല്‍ വിച്ഛേദിച്ചു. ഇസ്രഈലിന്റെ നടപടിയില്‍ ലോകവ്യാപകമായി നെതന്യാഹുവിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
Content Highlight: 75 percent of Israelis want Netanyahu to resign: Report