World News
എക്സിനെതിരായ സൈബര്‍ ആക്രമണം; പിന്നില്‍ ഉക്രൈനെന്ന് ഇലോണ്‍ മസ്ക്
വാഷിങ്ടണ്‍: സമൂഹമാധ്യമമായ എക്സിനെതിരെ കഴിഞ്ഞ ദിവസമുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉക്രൈനെന്ന് കമ്പനി ഉടമയായ ഇലോണ്‍ മസ്ക്.
ഉക്രൈനില്‍ നിന്നുള്ള ഐ.പി അഡ്രസുകളില്‍ നിന്നാണ് എക്സിനെതിരെ ആക്രമണമുണ്ടായതെന്ന് പറഞ്ഞ മസ്ക് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തതയില്ലെന്നും പറഞ്ഞു. ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് എക്സ് ലഭ്യമാകാതിരുന്നതിനു പിന്നാലെയാണ് മസ്ക് പ്രതികരണവുമായി രംഗത്തുവന്നത്.
ഇന്നലെ (തിങ്കളാഴ്ച)യാണ് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിനെതിരെ ആക്രമണം ഉണ്ടാവുന്നത്. ആക്രമണം കാരണം നിരവധി ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പറ്റാതെ വന്നു. ഏകദേശം ആറ് മണിക്കുറോളം ഈ പ്രശ്നം നിലന്നിരുന്നു. മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലുമാണ് പ്രശ്നം അനുഭവപ്പെട്ടത്. അതിനിടയ്ക്ക് തകരാറുകള്‍ പരിഹരിച്ച് സേവനങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും സമാന പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു.
വെബ്സൈറ്റുകളിലേയും പ്ലാറ്റ്ഫോമുകളിലേയും തകരാറുകള്‍ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്ടറുടെ കണക്കുകള്‍ പ്രകാരം ആയിരക്കണക്കിന് തകരാറുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യു.എസില്‍ മാത്രം രാവിലെ 10 മണിയോടെ 39,021 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ആക്രമണത്തിന് പിന്നില്‍ ഒരു ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യമോ ഉണ്ടെന്നാണ് മസ്കിന്റെ അഭിപ്രായം. എന്നാല്‍ ഐ.പി ട്രാക്ക് ചെയ്തത്കൊണ്ട് മാത്രം ആക്രമണത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ആക്രമണം ഉക്രൈനില്‍ നിന്നാണ് ഉണ്ടായതെന്ന് പറയാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു. അമേരിക്കയും ഉക്രൈനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ തലേദിവസം ഇലോണ്‍ മസ്കിന്റെ കമ്പനിയെ ആക്രമിക്കാന്‍ ഉക്രൈനിയന്‍ ഹാക്കര്‍മാര്‍ ശ്രമിക്കില്ലെന്ന വാദവുമുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് ഇലോണ്‍ മസ്കിന്റെ തന്നെ സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് സര്‍വീസ് ഇല്ലാതെ ഉക്രൈന് റഷ്യയുമായുള്ള യുദ്ധത്തില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് മസ്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റിയ മസ്ക് ഉക്രൈനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ പുടിനെ വെല്ലുവിളിക്കുകയും തന്റെ സ്റ്റാര്‍ലിങ്ക് സംവിധാനം ഉക്രൈനിയന്‍ സൈന്യത്തിന്റെ നട്ടെല്ലാണെന്നും മാറ്റി പറയുകയുണ്ടായി.
എക്സിനെതിരെയുണ്ടായ സൈബര്‍ ആക്രമണം ഇലോണ്‍ മസ്കിന് ഓഹരി വിപണിയിലും തിരിച്ചടിയായി.
മാര്‍ച്ച് ഏഴിന് അദ്ദേഹത്തിന്റെ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതും ട്രംപ് ഭരണകൂടത്തിലെ മസ്കിന്റെ സ്വാധീനം കാരണം അദ്ദേഹത്തിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല യു.എസില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നേരിടുന്നതും മസ്കിനെ ദോഷമായി ബാധിച്ചു. ഇതിന് പുറമെ ചൈനയിലും ജര്‍മനിയിലും ടെസ്ലയുടെ വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്.
Content Highlight: Cyber attack against X; Musk says Ukraine is behind it