പരുന്തുംപാറയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്
കൊച്ചി: ഇടുക്കി പരുന്തുംപാറയിലെ അനധികൃത നിര്‍മാണങ്ങള്‍ വിലക്കി ഹൈക്കോടതി. റവന്യു വകുപ്പിന്റെ എന്‍.ഒ.സിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയും ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു.
ഐ.ജി കെ. സോതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കോടതി ഉത്തരവ് റവന്യു വകുപ്പും പൊലീസും സംയുക്തമായി ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്. പരുന്തുംപാറയിലേക്ക് നിര്‍മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങള്‍ കയറ്റി വിടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
നിര്‍ദേശങ്ങള്‍ ജില്ല, തദ്ദേശ ഭരണകൂടവും ജില്ല പൊലീസ് മേധാവിയും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ഇടുക്കിയില്‍ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തംപാറയിലും വ്യാപക കൈയേറ്റമുണ്ടെന്നും പീരുമേട് മഞ്ചുമല വില്ലേജുകളില്‍ സര്‍വേ നമ്പര്‍ മാറ്റി പട്ടയം നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം പരുന്തുംപാറയില്‍ ഭൂമി കൈയേറി അനധികൃതമായി കുരിശ് നിര്‍മിച്ച റിസോര്‍ട്ട് ഉടമക്കെതിരെ ഇന്ന് (ചൊവ്വ) പൊലീസ് കേസെടുത്തിരുന്നു.
ഗ്രേസ് കമ്യൂണിറ്റി ഗ്ലോബല്‍ എന്ന ക്രൈസ്തവ സംഘടനയുടെ നേതാവും ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയുമായ കൊട്ടാരത്തില്‍ സജിത് ജോസഫിനെതിരെയാണ് കേസെടുത്തത്.
കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിര്‍മാണം നടത്തിയതിനാണ് കേസ്. പീരുമേട് എല്‍.ആര്‍ തഹസില്‍ദാരുടെ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പൊലീസാണ് കേസ് എടുത്തത്. കൈയേറ്റ ഭൂമിയില്‍ പണിത കുരിശ് റവന്യു സംഘം ഇന്നലെ (തിങ്കള്‍) പൊളിച്ചു മാറ്റിയിരുന്നു.
സജിത്ത് ജോസഫിന്റെ ഉടമസ്ഥതയില്‍ പരുന്തുംപാറയിലുള്ള മൂന്നേക്കര്‍ 31 സെന്റ് ഭൂമിയില്‍ കൈയേറ്റമുണ്ടെന്നും വന്‍കിട റിസോര്‍ട്ട് നിര്‍മിച്ചതായും കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Content Highlight: Kerala High Court bans illegal constructions in Parunthumpara