Kerala News
‘പ്രസംഗത്തില്‍ വിദ്വേഷപരമായ ഉള്ളടക്കങ്ങളില്ല’; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെ പിന്തുണച്ച് കെ.സി.ബിസി
കോട്ടയം: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ പിന്തുണച്ച് കെ.സി.ബി.സി.
പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ വിദ്വേഷപരമായ ഉള്ളടക്കങ്ങള്‍ ഇല്ലെന്ന് കെ.സി.ബി.സി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
പാലാ ബിഷപ് വിളിച്ചുചേര്‍ത്ത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ സമ്മേളനത്തിലാണ് പി.സി. ജോര്‍ജ് ലൗ ജിഹാദ് പരാമര്‍ശം നടത്തിയത്. സമ്മേളനത്തില്‍ പ്രത്യേക ഏതെങ്കിലും മതത്തെ കുറിച്ച് പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും കെ.സി.ബി.സി പ്രതികരിച്ചു.
പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്ന മാരക ലഹരി ഉള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ ഒരു സാധാരണക്കാരന്റെ വികാരം, ഒരു മതത്തെയും വ്രണപ്പെടുത്താതെ പരാമര്‍ശിച്ചു എന്നതിനപ്പുറം ഇതിനെ കാണേണ്ടതില്ലെന്നും കെ.സി.ബി.സി പറയുന്നു.
പാലായിലെ സമ്മേളനം പൂര്‍ണമായും രൂപതയുടെ അതിര്‍ത്തിക്കുള്ളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, പി.ടി.എ. പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്മാര്, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നുവെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ പറഞ്ഞു. പി.സി. ജോര്‍ജിന്റെ പ്രസംഗം താന്‍ നാലുതവണ ആവര്‍ത്തിച്ച് പരിശോധിച്ചതാണെന്നും സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക്’ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കാന്‍ ആരും ശ്രമിക്കേണ്ടതുമില്ലെന്നും പ്രസാദ് പറഞ്ഞു.
മീനച്ചില്‍ പഞ്ചായത്തില്‍ മാത്രമായി ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്നാണ് പി.സി. ജോര്‍ജ് ആരോപിച്ചത്. നഷ്ടപ്പെട്ട 400 കുട്ടികളില്‍ 41 കുട്ടികളെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാവണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.
കല്യാണം കഴിഞ്ഞിട്ട് പഠിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്‍ എം.എല്‍.എ പാലായില്‍ പറഞ്ഞിരുന്നു. മതവിദ്വേഷ പരാമര്‍ശത്തില്‍ ജാമ്യത്തിലിരിക്കെയാണ് പി.സി. ജോര്‍ജ് വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്.
തുടര്‍ന്ന് തൊഴുപ്പുഴ സ്റ്റേഷനിലടക്കം പി.സി. ജോര്‍ജിനെതിരെ പരാതി രേഖപ്പെടുത്തിയിരുന്നു. പി.സി. ജോര്‍ജ് നടത്തുന്നത് കള്ളപ്രചരണമാണെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസാണ് തൊടുപുഴ സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മതവിദ്വേഷ പരാമര്‍ശത്തിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജോര്‍ജിനെതിരെ ഒന്നിലധികം പരാതികള്‍ നിലവിലുണ്ട്.
Content Highlight: KCBC supports PC George over love jihad remarks