Kerala News
തുഷാര്‍ ഗാന്ധിക്കെതിരായ ആര്‍.എസ്.എസ് ആക്രമണം; നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് പരസ്യമായ കടന്നാക്രമണമാണ് നടത്തിയതെന്നും ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല അക്രമികളുടെ സമീപനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ സമീപനം അപലപനീയമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവുമെന്നും പൊതുജനാഭിപ്രായം വളര്‍ത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
‘രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്.
മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദര്‍ശനം. അപ്പോഴാണ് ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടേത്,’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യത്തിന്റെ ആത്മാവിന് വര്‍ഗീയതയുടെ അര്‍ബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാര്‍ ഗാന്ധി പങ്കുവെച്ചതെന്നും നമ്മുടെ സംസ്‌കാരം വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണെന്നും ആ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുക കൂടിയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.
പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാര്‍ ഗാന്ധി ചെയ്തതെന്നും കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തില്‍ ഉയരേണ്ടതാണെന്നും ജനാധിപത്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ആ ബോധവും അതില്‍ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തില്‍ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വഴി തടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Content Highlight: RSS attack on Tushar Gandhi; CM says legal and democratic action will be taken; Police have registered a case