World News
ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യലില്‍ മോദിയും; വലിയ അംഗീകാരമെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ അക്കൗണ്ട് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ട്രംപിന് നന്ദി അറിയിച്ചുകൊണ്ട് ട്രൂത്ത് സോഷ്യലില്‍ മോദി തന്റെ ആദ്യ പോസ്റ്റും പങ്കുവെച്ചു.
അമേരിക്കന്‍ പോഡ്കാസ്റ്ററും ശാസ്ത്രജ്ഞനുമായ ലെക്‌സ് ഫ്രിഡ്മാനുമായുള്ള മൂന്ന് മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റ് അഭിമുഖം അപ്‌ലോഡ് ചെയ്തതിലാണ് മോദി ട്രംപിന് നന്ദിയറിയിച്ചത്. ലെക്‌സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്റെ ലിങ്കും പ്രധാനമന്ത്രി ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടാതെ ട്രംപിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും മോദി പോസ്റ്റ് ചെയ്തു. വരും കാലങ്ങളില്‍ അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന കുറിപ്പോട് കൂടിയാണ് മോദി ചിത്രം പോസ്റ്റ് ചെയ്തത്.
അതേസമയം പോഡ്കാസ്റ്റ് അഭിമുഖത്തില്‍ 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് തന്റെ എതിരാളികള്‍ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും തങ്ങള്‍ നിരപരാധികളാണെന്ന് കോടതി കണ്ടെത്തിയെന്നും മോദി പറയുന്നുണ്ട്. 2002ല്‍ ഗുജറാത്തില്‍ നടന്ന ഗോധ്ര കലാപത്തെക്കുറിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ തെറ്റാണെന്നും തന്നെക്കുറിച്ചും തന്റെ അനുയായികളെക്കുറിച്ചും മോശം പ്രചരണം നടത്താന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് അവയൊന്നും മോദി പറയുന്നു.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ ശിക്ഷിക്കണമെന്ന് ആഗ്രഹിച്ചുവെന്നും എന്നാല്‍ കോടതികള്‍ തന്നെ വെറുതെ വിട്ടുവെന്നും മോദി പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ബി.ജെ.പി നേതാക്കള്‍ക്കും അവരുടെ അനുയായികള്‍ക്കും ദീര്‍ഘകാല ജയില്‍ തടവിന് വിധിക്കപ്പെട്ടിരുന്നു, എന്നാല്‍ അവരില്‍ പലരും ഇപ്പോള്‍ ജാമ്യത്തിലാണ്. കൂട്ടബലാത്സംഗത്തിന് കുറ്റാരോപിതരായ 11 പേരെ മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ 2022ല്‍ വിട്ടയക്കുകയാണ് ചെയ്തത്.
കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി പോരാടിയ അവകാശ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ നിരവധി കേസുകള്‍ ചുമത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ ജയിലിലടക്കപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2023ല്‍ കലാപത്തിലെ മോദിയുടെ പങ്കിനെ ചോദ്യം ചെയ്യുന്ന ബി.ബി.സി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വീഡിയോകള്‍ പങ്കിടുന്നത് പോലും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Content Highlight: PM Modi joins Truth Social, shares first post with Donald Trump