Kerala News
ജനാധിപത്യത്തിന് റിവേഴ്‌സ് ഗിയറില്ലെന്ന് രാജഭക്തർ മറന്നുപോകരുത്: നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: ജനാധിപത്യം ഒരു ഹൈവേ പോലെയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ജനാധിപത്യത്തിന് ‘റിവേഴ്സ് ഗിയര്‍’ ഇല്ലെന്നും അതിന് ഇടയ്ക്കിടെയുള്ള തിരിവുകള്‍ മാത്രമേ ഉള്ളുവെന്നും ശര്‍മ ഒലി പറഞ്ഞു.
ഇന്നലെ (ഞായറാഴ്ച) നടന്ന വനിതാ നേതൃത്വ ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞയാഴ്ച നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായെ സ്വീകരിക്കുന്നതിനായി നോപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികള്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. നേപ്പാളില്‍ രാജവാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള പിന്തുണ പ്രകടിപ്പിക്കുക എന്നതായിരുന്നു റാലിയുടെ ലക്ഷ്യം.
ജനകീയ മുന്നേറ്റത്തെതുടര്‍ന്ന് 2008ല്‍ നിര്‍ത്തലാക്കപ്പെട്ട രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്യാനേന്ദ്രയുടെ അനുയായികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാഠ്മണ്ഡു, പൊഖാറ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലി നടത്തിവരികയാണ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ശർമ ഒലിയുടെ പ്രതികരണം. റോഡില്‍ മൂര്‍ച്ചയുള്ള തിരിവുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ചിലപ്പോള്‍ റിവേഴ്സ് ഗിയര്‍ പ്രയോഗിക്കാറുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സമൂഹത്തിലെ എല്ലാ മേഖലകളിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും തുല്യ പങ്കാളിത്തത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേതൃത്വത്തിലും വികസനത്തിലും സ്ത്രീകളുടെ പങ്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2002ല്‍ തന്റെ മൂത്ത സഹോദരന്‍ ബീരേന്ദ്ര ബീര്‍ ബിക്രം ഷായും കുടുംബവും കൊട്ടാരത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് 77 കാരനായ ഗ്യാനേന്ദ്ര നേപ്പാളിന്റെ രാജാവായത്. 2005 വരെ രാഷ്ട്രീയ അധികാരങ്ങളില്ലാതെ ഭരണഘടനാപരമായ രാഷ്ട്രത്തലവനായി അദ്ദേഹം നേപ്പാളില്‍ ഭരണം നടത്തിയിരുന്നു.
ഇതിനിടെ മാവോയിസ്റ്റ് വിമതരെ പരാജയപ്പെടുത്താന്‍ എന്ന വ്യാജേന ഗ്യാനേന്ദ്ര ഷാ നേപ്പാളിന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തു.
പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട ഷാ, രാജ്യത്തെ രാഷ്ട്രീയക്കാരെയും പത്രപ്രവര്‍ത്തകരെയും ജയിലിലടയ്ക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം ഭരിക്കാന്‍ സൈന്യത്തെ ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് നേപ്പാളിലെ രാജാവാഴ്ചാ ഭരണം താഴെ വീണത്. 2006ല്‍ ഗ്യാനേന്ദ്ര സഖ്യസര്‍ക്കാരിന് ഭരണം കൈമാറുകയായിരുന്നു.
Content Highlight: Royalists should not forget that democracy has no reverse gear: Nepal Prime Minister kp sharma oli