India
സഭാ റെക്കോര്‍ഡുകളില്‍ നിന്ന് പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ വെട്ടിനീക്കി; അന്യായ നടപടിയെന്ന് ഖാര്‍ഗെ
ന്യൂദല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ സഭാ റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്തതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കാരണം കൂടാതെ പ്രസംഗം വെട്ടിച്ചുരുക്കിയെന്നാണ് ഖാര്‍ഗെയുടെ ആരോപണം.
ഫെബ്രുവരി നാലിന് രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് ഒഴിവാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ അഭിപ്രായങ്ങളാണ് ഒരു ന്യായീകരണവും കൂടാതെ നീക്കം ചെയ്തതെന്ന് ഖാര്‍ഗെ പറഞ്ഞു.
സഭാ റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെറ്റപ്പെട്ട ഭാഗങ്ങള്‍ പുനപരിശോധിക്കണമെന്ന് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണനോട് ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105(1) പ്രകാരം എം.പിമാര്‍ക്ക് ഉറപ്പുനല്‍കുന്ന അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വസ്തുതകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രസ്താവനകളാണ് നീക്കം ചെയ്യപ്പെട്ടത്. പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളുടെയും വിമര്‍ശിച്ചിരുന്നു. വിമര്‍ശിക്കുക അല്ലെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തുക എന്നത് പ്രതിപക്ഷ നേതാവ് എന്ന തന്റെ കടമയാണെന്നും ഖാര്‍ഗെ പറഞ്ഞു.
കേന്ദ്രത്തിന്റെ നയങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് സംസാരിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു. സഭയുടെ അന്തസിനെയും അധ്യക്ഷനെന്ന നിലയിലുള്ള കടമകളെയും കുറിച്ച് തനിക്ക് ബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രസംഗത്തില്‍ പാര്‍ലമെന്ററി വിരുദ്ധവും അപകീര്‍ത്തികരവുമായ ഒരു പരാമര്‍ശം പോലുമില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍ എം.പിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ചെയര്‍മാന് വിവേചനാധികാരം ഉണ്ടെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. ഒരു മന്ത്രിയോ സഭാംഗമോ ചര്‍ച്ചയില്‍ അപകീര്‍ത്തികരമോ മാന്യതയില്ലാത്തതോ ആയ വാക്ക് പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ചെയര്‍മാന് തന്റെ വിവേചനാധികാരം ഉപയോഗിക്കാമെന്നും സീതാരാമന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പാര്‍ലമെന്ററി കാര്യസമിതി മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.
കേന്ദ്രമന്ത്രി പ്രതാപ്സിംങ് പുരി അടക്കമുള്ളവര്‍ക്കെതിരായ വിമര്‍ശനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസും നല്‍കിയിരുന്നു.
Content Highlight: Parts of the speech were expunged from the Rajyasabha records; Kharge calls it an unfair action
രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.




