India
സനാതന ധര്‍മത്തെ വ്രണപ്പെടുത്തിയാല്‍ വീട്ടില്‍ കയറി ആക്രമിക്കും; സിനിമാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കര്‍ണിസേന
മുംബൈ: സനാതന ധര്‍മത്തെയും ഹിന്ദുമതത്തിലെ ജാതികളെയും വ്രണപ്പെടുത്തിയാല്‍ ഒരു പാഠം പഠിപ്പിക്കുമെന്ന് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ക്ഷത്രിയ കര്‍ണിസേന തലവന്‍ രാജ് ശെഖാവത്ത്. യാദവ് ജി കി ലവ് സ്റ്റോറി, ഘൂഷ്ഖോര്‍ പാണ്ഡത് എന്നീ സിനിമകള്‍ക്കെതിരെ ശെഖാവത്ത് നേരത്തെ രംഗത്തെത്തിയിരുന്നു.
പിന്നാലെ സിനിമാപ്രവര്‍ത്തകരെ വീട് കയറി ആക്രമിക്കുമെന്ന ഭീഷണിയും മുഴക്കുകയായിരുന്നു.
‘കര്‍ണി സേന പ്രവര്‍ത്തകരോട് തയ്യാറാകാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു. ഞങ്ങള്‍ ഉടന്‍ തന്നെ മുംബൈയില്‍ പോയി അത്തരം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ സ്വന്തം വീടുകളില്‍ വെച്ച് നടപടിയെടുക്കും,’ ശെഖാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘സനാതന ധര്‍മത്തെയും വിശ്വാസത്തെയും സാമൂഹിക ഗ്രൂപ്പുകളെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ അവഹേളിക്കുകയാണ്. നമ്മുടെ ദൈവങ്ങളെയും സംസ്‌കാരത്തെയും കുറിച്ച് സിനിമകള്‍ എടുക്കുന്ന നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീടുകളില്‍ കയറി അവരെ ഒരു പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ ഹല്ലു സരായിയിലെ ചാമുണ്ഡ ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ശനിയാഴ്ച ശെഖാവത്ത് പറഞ്ഞു.
നേരത്തെ ക്ഷത്രിയ, ബ്രാഹ്‌മണ സമുദായങ്ങളെ ലക്ഷ്യമിട്ടായിരുന്നു സിനിമാപ്രവര്‍തത്തകരുടെ നടപടികള്‍. എന്നാലിപ്പോള്‍ അവര്‍ യാദവ സമുദായത്തെ അപമാനിക്കുകയാണെന്നും യാദവ് ജി കി ലവ് സ്റ്റോറി സിനിമയെ പരാമര്‍ശിച്ചുകൊണ്ട് കര്‍ണിസേന നേതാവ് ആരോപിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിലാണ് ഇത്തരം സിനിമകള്‍ നിര്‍മിക്കുന്നത്. യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഫെബ്രുവരി 27 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയാണ് യാദവ് ജി കി ലവ് സ്റ്റോറി. മുസ് ലിം യുവാവും യാദവ സമുദായത്തിലെ യുവതിയും തമ്മിലുള്ള പ്രണയം ചിത്രീകരിക്കുന്ന സിനിമയ്‌ക്കെതിരെ യാദവ സമുദായാംഗങ്ങള്‍ പ്രതിഷേധം തുടരുകയാണെന്നും ശെഖാവത്ത് പറഞ്ഞു.
സിനിമയ്‌ക്കെതിരെ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. അതേസമയം, ഈ സിനിമയുടെ അണിയറ് പ്രവര്‍ത്തകര്‍ വിവാദത്തോട് പ്രതികരിച്ചിട്ടില്ലെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. യാദവ് ജി കി ലവ് സ്റ്റോറിയുടെ നിര്‍മാതാവ്, സംവിധായകന്‍, പ്രധാന താരങ്ങള്‍ എന്നിവര്‍ക്കെതിരായി ലഭിച്ച പരാതിയെ തുടര്‍ന്ന് ഫെബ്രുവരി 18 ന് സാംഭലില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, കര്‍ണിസേന വിമര്‍ശിക്കുന്ന മറ്റൊരു ചിത്രമായ ഘൂഷ്ഖോര്‍ പാണ്ഡത് പേരിനെ ചൊല്ലിയാണ് വിവാദം നേരിടുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ ചിത്രം കോടതി നടപടിയെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കിയിരുന്നു.
Content Highlight: Karni Sena threatens filmmakers, will enter homes and attack them if they offend Sanatana Dharma
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




