India
മിയാ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം: ഹിമന്തയുടേത് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍; നോട്ടീസയച്ച് ഗുവാഹത്തി ഹൈക്കോടതി
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് നോട്ടീസ് അയച്ച് ഗുവാഹത്തി ഹൈക്കോടതി.
ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് പരസ്യ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ഹിമന്തക്കെതിരെ സമര്‍പ്പിച്ച നിരവധി പൊതുതാത്പര്യ ഹരജികളിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് അശുതോസ് കുമാര്‍, ജസ്റ്റിസ് അരുണ്‍ ദേവ് ചൗധരി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെതാണ് നടപടി. ഹിമന്തയുടെ പരാമര്‍ശങ്ങള്‍ വിദ്വേഷ പ്രവണതയുള്ളതും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നതുമാണെന്ന് കോടതി കണ്ടെത്തി.
മുഖ്യമന്ത്രിക്ക് പുറമേ കേന്ദ്ര സര്‍ക്കാര്‍, അസം സര്‍ക്കാര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വിദേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍ ലഭ്യമായിട്ടും അസം പൊലീസ് സ്വമേധയാ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അസം ആസ്ഥാനമായുള്ള സാഹിത്യകാരന് ഹിരേന്ദ്രനാഥ് ഗുഹേയ്നും മറ്റ് രണ്ട് പേരും സമര്‍പ്പിച്ച പ്രധാന പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു.
മിയ എന്ന പദമുപയോഗിച്ച് ഒരു പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുന്നുവെന്നും ഹരജിക്കാര്‍ വാദിച്ചു.
മുസ്ലിം സമുദായത്തിലെ ആളുകള്‍ക്കെതിരെ റൈഫില്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതായി കാണിക്കുന്ന വൈറല്‍ വീഡിയോയ്ക്കെതിരെയും ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.
മുമ്പ് ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം. എപ്രില്‍ 21 ന് കേസ് പരിഗണിക്കും.
പോയിന്റ് ബ്ലാങ്ക് ഷൂട്ട് എന്ന അടിക്കുറിപ്പോടെ അസം ബി.ജെ.പി.യാണ് ഹിമന്ത ബിശ്വ ശര്‍മ മുസ്ലിങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കുന്ന എ.ഐ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
മിയ മുസ്ലിങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ തുടര്‍ന്ന് നേരത്തേയും ഹിമന്തയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ദിഗ്ബോയില്‍ നടന്ന പരിപാടിയില്‍ പരമാവധി മിയ മുസ്ലിങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
മിയ മുസ്ലിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മിയ മുസ്ലിമിന്റെ ഓട്ടോ വിളിച്ചാല്‍ അഞ്ച് രൂപയാണെങ്കില്‍ നാല് രൂപ മാത്രം കൊടുത്താല്‍ മതിയെന്നടക്കമുള്ള പ്രസ്താവനകളും ഹിമന്ത നടത്തിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അസം മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ തത്വങ്ങള്‍ക്കും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും ഭീഷണിയാണെന്ന കാണിച്ച് ആക്ടിവിസ്റ്റായ ഹര്ഷ്മന്ദറും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഒരു വീഡിയോയെകുറിച്ചും തനിക്കൊന്നുമറിയില്ലെന്നും തനിക്കെതിരെ ഒരു കേസ് കൊടുത്താല്‍ നൂറ് കേസ് തിരിച്ച് കൊടുക്കുമെന്നുമായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.
Content Highlight: Hate speech against Mia Muslims: Himanta’s remarks are creating division in the society; Gauhati High Court issues notice
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




