തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബംഗാള്‍ ഗവര്‍ണറുടെ രാജി; അമിത് ഷാ സമ്മര്‍ദം ചെലുത്തിയെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് രാജിവെച്ചു. വ്യാഴാഴ്ച അദ്ദേഹം രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. പിന്നാലെ, രാജി വാര്‍ത്ത സ്ഥിരീകരിച്ച് ആനന്ദ ബോസ് മാധ്യമങ്ങളെ കണ്ടു. എങ്കിലും രാജി വെച്ചതിന് പിന്നിലെ കാരണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല.
‘മൂന്ന് വര്‍ഷമായി ഗവര്‍ണറാണ്. എനിക്ക് അത് മതി. ഞാന്‍ രാജിവെച്ചെന്നത് സത്യമാണ്’, ആനന്ദ ബോസ് പി.ടി.ഐയോട് പ്രതികരിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെയും പ്രത്യേകിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ രാജിവെച്ചതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
ഗവര്‍ണറുടെ രാജി വിവരമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും വലിയ ആശങ്കയാണ് തോന്നുന്നതെന്നും മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
‘ ആനന്ദ ബോസിന്റെ രാജിയുടെ പിന്നിലെ കാരണങ്ങളെന്താണെന്ന് എനിക്കറിയില്ല. എന്നാലും നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി സമ്മര്‍ദം ചെലുത്തിയാലും ഞാന്‍ അതിശയിക്കില്ല,’ മമത ബാനര്‍ജി എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
I am shocked and deeply concerned by the sudden news of the resignation of Shri C. V. Ananda Bose, the Governor of West Bengal.
The reasons behind his resignation are not known to me at this moment. However, given the prevailing circumstances, I would not be surprised if the…
— Mamata Banerjee (@MamataOfficial) March 5, 2026
തമിഴ്‌നാട് ഗവര്‍ണറായ ആര്‍.എന്‍. രവിയെ പുതിയ ബംഗാള്‍ ഗവര്‍ണറാക്കുമെന്ന് അമിത് ഷാ അറിയിച്ചതായും മമത പറഞ്ഞു.
നിയമനത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ തന്നോട് കൂടിയാലോചന നടത്തിയില്ല. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്‌ക്കേറ്റ പ്രഹരമാണെന്നും മമത കുറ്റപ്പെടുത്തി.
മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡാര്‍ജിലിങ് ഹില്‍ ഫെസ്റ്റിവല്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
Content Highlight: Bengal Governor’s resignation just before elections, Mamata Banerjee criticizes Amit Shah




