Kerala
വധു ആര്യ, വരന്‍ അലി കാര്‍ഗില്‍; മതം മാറാതെ ഈ നിക്കാഹ്
കോഴിക്കോട്: മതം മാറാതെ തന്നെ നിക്കാഹിലൂടെ വിവാഹജീവിതത്തിലേക്ക് കടന്ന ആര്യ എ.വി-അലി കാര്‍ഗില്‍ ദമ്പതികളുടെ വ്യത്യസ്തമായ വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.
വത്സലന്‍-രേഖ ദമ്പതികളുടെ മകളായ ആര്യ എ.വിയും മുഹമ്മദ് ഇസ്ഹാക്ക്, ഷാഹിദ ദമ്പതികളുടെ മകന്‍ അലി കാര്‍ഗിലും മതം മാറാതെ തന്നെ മതപരമായ ചടങ്ങായ നിക്കാഹിലൂടെ വിവാഹിതരാവുകയായിരുന്നു.
മതം മാറാതെയുള്ള വിവാഹങ്ങള്‍ സാധാരണമാണെങ്കിലും മതം മാറാതെയുള്ള നിക്കാഹ് ചടങ്ങുകളാണ് ആര്യ-അലി വിവാഹത്തെ വ്യത്യസ്തമാക്കുന്നത്. മഹര്‍ കൈമാറ്റം ഉള്‍പ്പടെയുള്ള നിക്കാഹിലെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയായിരുന്നു വിവാഹം.
ഇസ്‌ലാമിക പണ്ഡിതനായ സി.എച്ച്. മുസ്തഫ മൗലവിയുടെ കാര്‍മികത്വത്തിലാണ് നിക്കാഹ് നടന്നത്. ലളിതമായ ചടങ്ങില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി രണ്ടു പേരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തുകയും ചെയ്തിരുന്നു. ജീവിതാന്ത്യം വരെ കലഹിക്കാതെ പ്രണയിച്ച് ജീവിക്കാനും നവദമ്പതികളോട് മുസ്തഫ മൗലവി ആഹ്വാനം ചെയ്തു.
പരസ്പരം ഉള്‍ക്കൊള്ളാനും അറിയാനും അംഗീകരിക്കാനും സാധിക്കുന്ന ആളുകള്‍ ഏത് മതത്തിലോ സമുദായത്തിലോ ഉള്‍പ്പെട്ടവരാണെങ്കിലും വിവാഹം ചെയ്ത് ജീവിക്കാമെന്ന് ഖുര്‍ആന്‍ പറയുന്നുവെന്ന് നിക്കാഹ് ഖുതുബയില്‍ മുസ്തഫ മൗലവി പറഞ്ഞു.
വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ വിവാഹം ഇസ്‌ലാം അനുവദിച്ചതാണ്. മുഹമ്മദ് നബി അംഗീകരിച്ചതുമാണ്. ഇത് നമ്മള്‍ പഠിക്കുകയും മനസിലാക്കേണ്ടതുമാണ്. മതം വിവാഹത്തിന് തടസമാകരുതെന്നും അദ്ദേഹം വിശദീകരിച്ചു.
‘രണ്ട് മതക്കാര്‍ മതം മാറാതെ തന്നെ വിവാഹിതരാവാമെന്ന് വേദങ്ങള്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ വിവാഹം സാധാരണയായി നടക്കാറില്ല. അതിന് കാരണം മനുഷ്യന്‍ സാമുദായികമായി മാത്രം ചിന്തിക്കുന്നതുകൊണ്ടാണ്.
ഏത് മതത്തിലും സമുദായത്തിലും ഉള്‍പ്പെട്ടവരാണെങ്കിലും പരസ്പരം ഉള്‍ക്കൊള്ളാനും അറിയാനും അംഗീകരിക്കാനും സാധിക്കുന്ന ആളുകളാണെങ്കില്‍ വിവാഹം ചെയ്ത് ജീവിക്കാമെന്ന് ഖുര്‍ആന്‍ പറയുന്നു. സൂറ മഇദയില്‍ അത് കൃത്യമായി പറയുന്നു. വേദക്കാര്‍ക്ക് പരസ്പരം വിവാഹം ചെയ്യാം. പ്രവാചകന്മാര്‍ അങ്ങനെ വിവാഹം ചെയ്തവരാണ്,’ മൗലവി പറഞ്ഞു.
ലൂത്ത് നബിയുടെ ഭാര്യ അദ്ദേഹത്തിന്റെ മതക്കാരിയായിരുന്നില്ല. നോഹയെന്ന് ബൈബിളിലും നൂഹ എന്ന് ഖുര്‍ ആനിലും പറയുന്ന പ്രവാചകന്റെ ഭാര്യ അദ്ദേഹത്തിന്റെ സമുദായത്തില്‍പ്പെട്ടയാളായിരുന്നില്ല. മുഹമ്മദ് നബിയുടെ ഭാര്യയായിരുന്ന മാരിയ എന്ന സ്ത്രീ കോപ്റ്റിക് ക്രിസ്ത്യാനിയായിരുന്നുവെന്നും മൗലവി പറഞ്ഞു.
പ്രവാചകന്റെ ശിഷ്യരില്‍ പലരുടെയും ഭാര്യമാര്‍ യഹൂദരും ക്രൈസ്തവരുമൊക്കെയായിരുന്നു. ഈ ചരിത്രമൊന്നും നമ്മള്‍ അറിയാറില്ല. മതമെന്നത് സ്വകാര്യമായ അനുഭൂതിയാണ്. വിവാഹത്തിലോ കുടുംബ ജീവിതത്തിലോ മതം ഒരു പ്രശ്‌നമാകേണ്ടതില്ല.
ആര്യ വിവാഹിതയാകുന്നത് ഹിന്ദുമതക്കാരിയായികൊണ്ടാണ്. അലി മുസ്‌ലിമായിട്ടുമാണ്. ഇരുവരും വിവാഹം കഴിക്കുന്നത് മതം മാറിയിട്ടല്ല എന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള വിവാഹങ്ങള്‍ സമൂഹത്തിലുണ്ടാകണമെന്നാണ് തന്റെ ആഗ്രഹം.
ആര്യയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കിലോ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ അലിക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലോ രണ്ടിടങ്ങിലേക്കും ഇരുവര്‍ക്കും ഒരുമിച്ച് പോകാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും മുസ്തഫ മൗലവി പറഞ്ഞു.
നിക്കാഹിന്റെ വീഡിയോ വാലി ഓഫ് നോളജ് എന്ന യൂട്യൂബ് ചാനലിലൂടെ സി.എച്ച്. മുഹമ്മദ് മൗലവി തന്നെയാണ് പങ്കിട്ടിരിക്കുന്നത്. വിവാഹശേഷം നോമ്പുതുറയും നടന്നു.
Content Highlight: Bride Arya, groom Ali Kargil; This Nikah without conversion
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




