Iran US Conflict
യു.എസ്-ഇസ്രഈല്‍ റഡാറുകളുടെ സുപ്രധാന ഭാഗങ്ങള്‍ നശിപ്പിച്ചു; തിരിച്ചടി കൂടുതല്‍ എളുപ്പമായതായി ഐ.ആര്‍.ജി.സി
ടെഹ്‌റാന്‍: യു.എസ്-ഇസ്രഈല്‍ സംയുക്ത സേനയുടെ കരുത്തായിരുന്ന റഡാര്‍ സംവിധാനങ്ങളുടെ സുപ്രധാന ഭാഗങ്ങള്‍ നിര്‍വീര്യമാക്കിയതായി ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി).
റഡാറുകളുടെ ശേഷി കുറഞ്ഞതോടെ ഇസ്രഈലിനെതിരായ ആക്രമണങ്ങള്‍ ഉയര്‍ന്ന കൃത്യതയോടെ നടത്താന്‍ സാധിക്കുന്നുണ്ടെന്നും ഐ.ആര്‍.ജി.സി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ അറിയിച്ചു.
എതിരാളുകളുടെ നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ന്നതോടെ ഇറാനിയന്‍ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ഇസ്രഈലിന്റെ പ്രതിരോധ മേഖലകളിലേക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയും നവീകരിച്ച മാര്‍ഗനിര്‍ദേശ സംവിധാനങ്ങളുടെയും സഹായത്താല്‍ ഒരുക്കിയ സൈന്യത്തിന്റെ തദ്ദേശീയവും നൂതനവുമായ ഡ്രോണുകള്‍ ശത്രുക്കളുടെ സംവിധാനങ്ങള്‍ നശിപ്പിക്കുന്നതില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അക്രാമിനിയ പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ന്നും ഇറാന്‍ സൈന്യം ഏതൊരു ആക്രമണത്തിനെതിരെയും അതേനാണയത്തില്‍ അതിവേഗത്തില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇറാഖിന്റെ വ്യോമതിര്‍ത്തി അമേരിക്കയും ഇസ്രഈലും ഉപയോഗിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു. ഇറാഖ് ഭരണകൂടത്തിന്റെ എതിര്‍പ്പുകളെ വകവെയ്ക്കാതെ അന്താരാഷ്ട്ര നിയമം ലംഘിച്ച് ഇറാനെതിരെ ആക്രമണം നടത്താന്‍ ഇസ്രഈലും യു.എസും അവരുടെ വ്യോമപാത ഉപയോഗിക്കുകയാണെന്നും അക്രാമിനിയ കുറ്റപ്പെടുത്തി.
പശ്ചിമേഷ്യയിലും ഇസ്രഈലിലുമായി സ്ഥാപിച്ചിരിക്കുന്ന റഡാര്‍ സംവിധാനങ്ങളില്‍ പകുതിയോളം തകര്‍ത്തെന്നും ബാക്കിയായവ ഗുരുതരമായ കേടുപാടുകളേറ്റതും ഭാഗികമായി പ്രവര്‍ത്തനരഹിതമായ നിലയിലാണെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, ഇറാന്റെ ശത്രുക്കള്‍ യുദ്ധോപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നും ലഭ്യമായ ആയുധങ്ങളുടെ 75 ശതമാനവും നശിപ്പിക്കപ്പെട്ടെന്നും ഇറാന്‍ സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: US-Israel destroys key parts of radars; IRGC says retaliation easier
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




