India
വീട്ടുജോലിക്കാരിയല്ല പങ്കാളിയാണ്; വീട്ടുജോലികള്‍ ചെയ്യാത്തത് ക്രൂരതയല്ല; വിവാഹമോചനക്കേസില്‍ സുപ്രീംകോടതി
ന്യൂദല്‍ഹി: സ്ത്രീകള്‍ പാചകം ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ ചെയ്യാത്തത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഒരു വിവാഹമോചനക്കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിരീക്ഷണം.
വീട്ടുജോലികള്‍ ചെയ്യാനുള്ള ഒരാളെയല്ല നിങ്ങള്‍ വിവാഹം ചെയ്തിരിക്കുന്നതെന്നും ജീവിത പങ്കാളിയെയാണെന്നും ഹരജിക്കാരനോട് ജസ്റ്റിസ് സന്ദീപ് മേഹ്ത്ത പറഞ്ഞു.
പങ്കാളി വിവാഹത്തിന് ശേഷം വീട്ടുജോലി ചെയ്യുന്നില്ലെന്നും മോശമായി പെരുമാറുന്നുവെന്നും കാണിച്ചായിരുന്നു ഹരജിക്കാരന്‍ വിവാഹമോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.
കാലം മാറിയിരിക്കുന്നു. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പാചകം ഉള്‍പ്പടെയുള്ള വീട്ടുജോലികള്‍ ചെയ്യണമെന്ന് കോടതി പറഞ്ഞു. ‘പാചകം, പാത്രം കഴുകല്‍ തുടങ്ങിയവയില്‍ പുരുഷന്റെയും സംഭാവന ആവശ്യമാണ്. ഇന്നത്തെ കാലം വ്യത്യസ്തമാണ്’, ജസ്റ്റിസ് വിക്രം നാഥ് അഭിപ്രായപ്പെട്ടു.
2017ല്‍ വിവാഹിതരായ ദമ്പതികളാണ് വിവാഹമോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവര്‍ക്ക് എട്ടുവയസായ ഒരു കുട്ടിയുമുണ്ട്. വിവാഹമോചന ഹരജിയില്‍ ഇരുകക്ഷികളെയും കോടതി മധ്യസ്ഥതയ്ക്കായി അയച്ചിരുന്നുവെങ്കിലും പരസ്പരധാരണയിലെത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടിരുന്നു.
വിവാഹത്തിന് ശേഷം ആഴ്ചകള്‍ക്കുള്ളില്‍ പങ്കാളിയുടെ മനോഭാവം മാറിയെന്നാണ് ഹരജിക്കാരന്റെ ആരോപണം. തന്നോട് മോശമായി പെരുമാറി. തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ മോശം ഭാഷയുപയോഗിച്ചു. മാതാപിതാക്കള്‍ക്ക് വേണ്ടി പാചകം ചെയ്യാന്‍ വിസമ്മതിച്ചു. തന്റെ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും തൊട്ടില്‍ കെട്ടല്‍ ചടങ്ങിന് തന്നെ ക്ഷണിച്ചില്ല തുടങ്ങിയവയാണ് ഹരജിക്കാരന്റെ ആരോപണങ്ങള്‍.
അതേസമയം, താന്‍ പ്രസവത്തിനായി തന്റെ വീട്ടിലേക്ക് പോയത് പങ്കാളിയുടെയും മാതാപിതാക്കളുടെയും സമ്മതത്തോടെയാണെന്ന് ആരോപണവിധേയയായ സ്ത്രീ മറുപടി നല്‍കി.
കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിന് അവരാരും പങ്കെടുത്തില്ലെന്നും, മാതാപിതാക്കളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടെന്നും അവര്‍ ആരോപിച്ചു.
നേരത്തെ, കുടുംബ കോടതി യുവതിക്കെതിരായ ആരോപണങ്ങള്‍ അംഗീകരിക്കുകയും വീട്ടുജോലി ചെയ്യാത്തത് ക്രൂരതയായി കണക്കാക്കി വിവാഹമോചനത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് യുവതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ കോടതി കീഴ്‌ക്കോടതിയുടെ വിവാഹമോചന ഉത്തരവ് റദ്ദാക്കിയിരുന്നു.
തുടര്‍ന്നാണ് ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിച്ചത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്ത തീയതിയിലേക്ക് മാറ്റി.
Content highlight: Not a housemaid, but a partner; not doing house chore is not cruelty; Supreme Court in divorce case
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




