Kerala
വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്. എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
തിരുവനന്തപുരം: എസ്.എന്‍.ഡി.പി ഭാരവാഹി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹെക്കോടതി ഡിവിഷന്‍ ബെഞ്ച്. സ്‌റ്റേ അന്തിമ ഉത്തരവിന് വിധേയമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
എസ്.എന്‍.പി യോഗം ഭാരവാഹികളെ തല്‍സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശന് പുറമേ, പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയ്ക്കാണ് സ്റ്റേ. അപ്പീലില്‍ എതിര്‍കക്ഷികള്‍ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
നേരത്തെ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ അപ്പീല്‍ പരിഗണിച്ച ശേഷം ഇന്ന് സ്റ്റേ പുറപ്പെടുവിച്ചത്. താന്‍ ഉള്‍പ്പടെയുള്ള എസ്.എന്‍.ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശന്‍ അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. അപ്പീലുകള്‍ അന്തിമ വാദത്തിനായി ജൂണില്‍ പരിഗണിക്കും.
മാര്‍ച്ച് 12 നായിരുന്നു വെള്ളാപ്പള്ളിയെ അയോഗ്യനാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നത്.
എം.കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ടി.ആര്‍ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എന്‍.ഡി.പി യോഗം 2006 മുതല്‍ കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ ഭരണ സമിതിക്ക് തുടരാന്‍ അനുവാദമില്ലെന്ന് കാണിച്ചായിരുന്നു വെള്ളാപ്പള്ളിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഹരജി സമര്‍പ്പിച്ചിരുന്നത്.
ഈ ഹരജിയില്‍ വാദം കേട്ട ശേഷമാണ് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നത്.
എസ്.എന്‍.ഡി.പിയില്‍ വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും എം.കെ സാനു അടക്കമുള്ളവര്‍ വാദിച്ചിരുന്നു.
ഭരണത്തില്‍ നിന്ന് എസ്.എന്‍.ഡി.പിയെ മാറ്റി പകരം ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാണ് ഹരജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.
പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമാനുസൃതമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വരുന്നത് വരെ സംഘടനയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഡയറക്ടര്‍മാരെ താത്കാലികമായി നാമനിര്‍ദേശം ചെയ്യാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ നടപടികള്‍ എടുക്കുന്നതിനായി ഐ.ജിയേയും ചുമതലപ്പെടുത്തിയിരുന്നു.
Content Highlight: Relief for Vellappally; High Court stays order removing him from post of S. NDP General Secretary
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




