ബി.ജെ.പി സീലില്‍ നടപടി: മെയില്‍ അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബി.ജെ.പി സീല്‍ പതിച്ച സംഭവത്തില്‍ നടപടിയെടുത്ത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍.
മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായാണ് ഉദ്യോഗസ്ഥന് സസ്പെന്‍ഷനെന്നാണ് വിശദീകരണം. .
തെരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച് ഈ മാസം 22-ന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പി കേരള ഘടകത്തിന്റെ സീല്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ചട്ടങ്ങള്‍ ഓര്‍മിപ്പിക്കാനായി കമ്മീഷന് അയച്ച മെയിലായിരുന്നുവിത്. സന്ദേശത്തിനൊപ്പം അറ്റാച്ച് ചെയ്തിരുന്ന 2019-ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലാണ് ബി.ജെ.പിയുടെ സീല്‍ പതിഞ്ഞിരുന്നത്.
2019ല്‍ പുറത്തിറങ്ങിയ ഈ കത്തിലെ നിര്‍ദേശങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബാധകമാണെന്ന് വ്യക്തമാക്കാനാണ് കമ്മീഷന് ഇത് വീണ്ടും അയച്ചത്. സംഭവം വിവാദമായതോടെ ഇത് കേവലം ഒരു ‘സാങ്കേതികമായ ക്ലറിക്കല്‍ പിഴവ്’ മാത്രമാണെന്ന വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്തെത്തിയിരുന്നു.
സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തത തേടി ബി.ജെ.പി കേരളാഘടകം സി.ഇ.ഒ ഓഫീസിനെ സമീപിച്ചിരുന്നുവെന്നും ഇതിനായി അവര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകര്‍പ്പില്‍ ബി.ജെ.പിയുടെ സീല്‍ ഉണ്ടായിരുന്നു.
ഈ കത്ത് പിന്നീട് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അയച്ചു കൊടുക്കുകയായിരുന്നുവെന്നും ഖേല്‍ക്കര്‍ വിശദീകരിച്ചിരുന്നു.സാങ്കേതിക പിഴവിന്റെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ഉടന്‍ തന്നെ വിവാദ നിര്‍ദേശം പിന്‍വലിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും പുതിയ അറിയിപ്പ് നല്‍കിയതായും കമ്മീഷന് വ്യക്തമാക്കി. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ആരോപണം.
Content Highlight: Action taken against Election Commission official, who sent BJP seal attached email




