ആസ്തി കുറച്ചു കാണിച്ചു; വി.ഡി.സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു
തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങള്‍ കാരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇരുവരുടെയും സ്വത്ത് വിവരങ്ങള്‍ പൂര്‍ണമല്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് വരണാധികാരിയുടെ നടപടി.
പരവൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് വി.ഡി. സതീശന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ആസ്തി കുറച്ചുകാണിച്ചെന്നും വരുമാന സ്രോതസ് വെളിപ്പെടുത്തിയിട്ടില്ല.
ഔദ്യോഗിക വാഹനത്തിനുമേല്‍ ചുമത്തിയ പിഴ അടച്ചിട്ടില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം കുറച്ചു കാണിച്ചു, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ശമ്പളവും ആനുകൂല്യവും മാത്രമാണ് നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിട്ടുള്ളതെന്നും ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് വി.ഡി. സതീശനെതിരെ ഉയര്‍ന്നിരിക്കുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററാണ് ആക്ഷേപം ഉന്നയിച്ചത്. ഇതോടെയാണ് വരണാധികാരി നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്.
ഇരുകൂട്ടരുടേയും വാദങ്ങളും മറുപടികളും വിശദമായി എഴുതിക്കൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മണിക്ക് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും വിശദമായി പരിശോധിക്കുമെന്നും വരണാധികാരി അറിയിച്ചു.
നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. 200 കോടിയിലേറെ മൂല്യമുള്ള ബെംഗളൂരുവിലെ വസതി സത്യവാങ് മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.
2024 തെരഞ്ഞെടുപ്പ് കാലത്തും ഇതേ ആരോപണമാണ് തനിക്കെതിരെ ഉന്നയിച്ചതെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖരന് ആരോപണത്തെ നിസാരവത്കരിച്ചിരുന്നു.
കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാന്റെ പത്രികയും പരിഗണിക്കുന്നത് മാറ്റിവെച്ചു. മൂന്ന് സെറ്റ് നോമിനേഷനില്‍ ആദ്യത്തെ രണ്ടെണ്ണവും തള്ളി.
അടുത്ത ദിവസം വിശദമായി പരിശോധിച്ചതിന് ശേഷം പത്രിക പരിഗണിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. റെജി ചെറിയാന്റെ പേരിലുള്ള കേസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് എല്‍.ഡി.എഫ് ഉന്നയിച്ചിരിക്കുന്ന ആക്ഷേപം.
Content Highlight: Assets understated; consideration of V.D. Satheesan and Rajeev Chandrasekharan’s nominations postponed




