national news
ബി.ജെ.പിയുടെ ബി ടീമല്ല, മുസ്‌ലിം ശാക്തീകരണത്തിന്റെ എം ടീം; ബംഗാളില്‍ മമതയ്‌ക്കെതിരെ പോരിന് ഒവൈസി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വെല്ലുവിളിയുമായി അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. മുന്‍ തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ ആം ജനതാ ഉന്നയന്‍ പാര്‍ട്ടിയുമായി (എ.ജെ.യു.പി)യുമായി സഖ്യം ചേര്‍ന്നാണ് ഒവൈസി ഇത്തവണ ബംഗാളില്‍ കളത്തിലിറങ്ങുന്നത്.
ബി.ജെ.പിയുടെ ബി ടീം ആണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണത്തിന് തങ്ങള്‍ മുസ്‌ലിം ശാക്തീകരണത്തിനായി നിലകൊള്ളുന്ന ‘എം ടീം’ ആണെന്നായിരുന്നു ഒവൈസിയുടെ മറുപടി.
സംസ്ഥാനത്തെ മുസ്‌ലിം വിഭാഗത്തിനായി ഒരു ‘സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം’ കെട്ടിപ്പടുക്കുക എന്നതാണ് എ.ഐ.എം.ഐ.എം-എ.ജെ.യു.പി സഖ്യം ലക്ഷ്യമിടുന്നതെന്ന് കബീറിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒവൈസി പ്രതികരിച്ചു.
ബംഗാളിന്റെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരുന്ന മുസ്‌ലിങ്ങള്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രാതിനിധ്യത്തില്‍ ഏറെ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
‘പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ പ്രശ്‌നം മുസ്‌ലിം വിഭാഗത്തിന്റെ ശാക്തീകരണമാണ്. അത് ഞങ്ങള്‍ക്ക് ഒരു വലിയ പ്രശ്‌നമാണ്. ജനാധിപത്യ വ്യവസ്ഥയിലെ മുസ്‌ലിം രാഷ്ട്രീയ ശാക്തീകരണമാണ് പ്രധാന പ്രശ്‌നം. ആ പ്രക്രിയയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, ഞങ്ങള്‍ ഒരുമിച്ച് പോരാടും,’ ഒവൈസി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് മുസ്‌ലിങ്ങളെ തങ്ങളുടെ ‘വിശ്വസനീയമായ വോട്ട് ബാങ്ക്’ മാത്രമായി ചുരുക്കിയെന്നും അതേസമയം അവരുടെ പ്രധാന ആശങ്കകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഒവൈസി ആരോപിച്ചു.
‘ഇവിടെ ഏകദേശം അഞ്ച് ലക്ഷത്തോളം ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി. അവയില്‍ പലതും മുസ്‌ലിങ്ങളുടേതായിരുന്നു. അതൊരു പ്രശ്‌നമല്ലേ?
ഇവിടുത്തെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനമാണ് മുസ്‌ലിങ്ങള്‍. സര്‍ക്കാര്‍ ജോലിയില്‍ അവരുടെ പ്രാതിനിധ്യം എന്താണ്? ഏഴ് ശതമാനം മാത്രം. എത്ര മുസ്‌ലിം കുട്ടികള്‍ സ്‌കൂളിന് പുറത്താണ്? എത്ര മുസ്‌ലിം കുട്ടികള്‍ക്ക് ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല?’ അദ്ദേഹം ചോദിച്ചു.
നേരത്തെ ബി.ജെ.പിയുമായി ടി.എം.സി സഖ്യമുണ്ടാക്കിയതിനെ കുറിച്ചും ഒവൈസി പരാമര്‍ശിച്ചു.
‘ഗുജറാത്ത് കത്തുമ്പോള്‍ അവര്‍ ആരുടെ കൂടെയിരുന്നാണ് ഡോക്ല (ഒരു തരം പലഹാരം) കഴിച്ചത്?’ ഒവൈസി ചോദിച്ചു.
2007ലെ നന്ദിഗ്രാം സമരകാലത്ത് തന്നെ സ്വാഗതം ചെയ്ത മമതയ്ക്ക് ഇപ്പോള്‍ താന്‍ എങ്ങനെയാണ് മോശക്കാരനായതെന്നും ഒവൈസി വിമര്‍ശിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളുടെ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ വിസില്‍ (ബാംസുരി) ഒവൈസിയും കബീറും ചേര്‍ന്ന് പുറത്തിറക്കി.
ബംഗാളിലെ 294 അംഗ നിയമസഭയില്‍ 182 സീറ്റുകളില്‍ സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഏപ്രില്‍ ഒന്നിന് മുര്‍ഷിദാബാദിലെ ബെഹറാംപൂരില്‍ നിന്ന് നടക്കുന്ന സംയുക്ത റാലിയോടെയാണ് പ്രചരണത്തിന് തുടക്കമാകുന്നത്. സംസ്ഥാനത്തുടനീളം 20 ഓളം റാലികള്‍ നടത്താനാണ് തീരുമാനം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ ശ്വാസം മുട്ടുകയാണെന്നും അവര്‍ക്ക് കൃത്യമായൊരു ബദല്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൗഷാദ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് പോലുള്ള പാര്‍ട്ടികളുടെ സാന്നിധ്യം കൂടി ഉള്ളതിനാല്‍ ഇത്തവണ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.
Content Highlight: Asaduddin Owaisi’s AIMIM to contest West Bengal Assembly elections in alliance with AJUP
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




