World
ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ സംയുക്ത ആക്രമണം: പ്രതിഷേധിച്ച 18 പേരെ അറസ്റ്റ് ചെയ്ത് ഇസ്രഈൽ
ടെൽ അവീവ്: ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ സംയുക്ത ആക്രമണത്തിനെതിരെ പ്രതിഷേധിച്ച 18 പേരെ അറസ്റ്റ് ചെയ്ത് ഇസ്രഈൽ പൊലീസ്.
ടെൽ അവീവ്, ഹൈഫ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധക്കാർ ക്രമസമാധാനം തകർത്തുവെന്നും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും പോലീസ് പറഞ്ഞു.
ടെൽ അവീവിൽ നടന്ന റാലിയിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതായും പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തതായും ഇസ്രഈലി പത്രം യെഡിയോത്ത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്തു.
ഹൈഫയിലെ ഹോറെവിൽ നൂറോളം പേർ പങ്കെടുത്ത പ്രതിഷേധത്തിനിടെ അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം തെക്കൻ ഇസ്രഈലിനെ ലക്ഷ്യമിട്ട് യമനിലെ ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ട്. ആക്രമണം തുടരുമെന്ന് ഹൂതിസംഘം അറിയിച്ചതോടെ പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതൽ സൈന്യത്തെ അയച്ചു.
ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രഈലും ഇറാനിൽ വ്യോമാക്രമണം നടത്തിവരികയാണ്. അന്നത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെ 1340 ലധികം പേർ കൊല്ലപ്പെട്ടു.
ഇസ്രഈൽ, ജോർദാൻ, ഇറാഖ്, ഗൾഫ് രാജ്യങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. ഇത് ആളപായത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ആക്രമണം തുടർന്നത് ആഗോള വിപണികളെയും വ്യോമയാന ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും പ്രതിസന്ധിയിലായിട്ടുണ്ട്.
Content highlight: US-Israeli Joint attack on Iran: Israel arrests 18 protesters
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




