World
ഇറാഖ് ജനതയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മൊജ്തബ ഖാംനഇ
ടെഹ്റാന്: ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ.
ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക ആക്രമണത്തില്‍ ഇറാഖ് നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് പരമോന്നത നേതാവിന്റെ പുതിയ സന്ദേശം. ഇറാന് സ്റ്റേറ്റ് മീഡിയയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാഖിലെ ഇസ്ലാമിക് സുപ്രീം കൗണ്‍സില്‍ തലവനും ബാഗ്ദാദിലെ ഇറാന് അംബാസഡറും പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് സന്ദേശം കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊജ്തബ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.
പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും മൊജ്തബ ഖാംനഇ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെതായി പുറത്ത് വരുന്ന മൂന്നാമത്തെ സന്ദേശമാണിത്. ഇറാന് സ്റ്റേറ്റ് ടി.വി വഴിയാണ് സന്ദേശങ്ങള്‍ പുറത്ത് വിടുന്നത്.
സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ സൈനിക താവളങ്ങളും പൂട്ടണം, അല്ലെങ്കില്‍ അവയ്ക്ക് നേരെയുള്ള ആക്രമണം തുടരും എന്നുമായിരുന്നു മുജ്തബയുടെ സന്ദേശം. രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷമുളള ആദ്യ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഫെബ്രുവരി 28 നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക സംയുക്ത ആക്രമണം നടന്നത്.
ആക്രമണത്തില്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു മൊജ്തബ ഖാംനഇയെ പരമോന്നത നേതാവായി തെരഞ്ഞടുത്തത്.
1979 ലെ ഇസ് ലാമിക വിപ്ലവത്തിന് ശേഷം അധികാരത്തില്‍ വരുന്ന ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് മൊജ്തബ ഖാംനഇ.
Content Highlight: Mojtaba Khamenei thanks Iraqi people for their support
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




