Kerala
പി.കെ. ഫിറോസിനെതിരെ കത്വ-ഉന്നാവോ തട്ടിപ്പുകേസ് നിലവിലില്ലെന്ന കാപ്‌സ്യൂള്‍ വിശ്വസിക്കരുത്; ചന്ദ്രിക പത്രം ചൂണ്ടിക്കാണിച്ച് എല്‍.ഡി.എഫ്
കോഴിക്കോട്: കത്വ-ഉന്നവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുവള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. ഫിറോസും മുസ്‌ലിം ലീഗും നടത്തുന്ന അവകാശവാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് എല്‍.ഡി.എഫ്.
ഫിറോസിനെതിരായ കത്വ- ഉന്നോവോ ഫണ്ട് തട്ടിപ്പ് കേസ് നിലവിലില്ലെന്നും അത് കോടതി തള്ളിക്കളഞ്ഞതാണെന്നുമുള്ള വാദങ്ങള്‍ തെറ്റാണെന്നും കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും കാരാട്ട് ഫൈസല്‍ സോഷ്യല്‍മീഡിയയിലൂടെ വിശദീകരിച്ചു.
നോമിനേഷന്‍ നല്‍കുന്നതോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പി.കെ. ഫിറോസ് ചന്ദ്രിക പത്രത്തില്‍ നല്‍കിയ പരസ്യത്തില്‍ ഐ.പി.സി 420 പ്രകാരമുള്ള വഞ്ചനയും സത്യസന്ധമല്ലാതെ സ്വത്ത് കൈമാറ്റവും അടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതായി വ്യക്തമാക്കിയിട്ടുണ്ടെന്ന് കാരാട്ട് ഫൈസല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പരസ്യം നല്‍കിയത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും പത്രം ചന്ദ്രികയും ആയതുകൊണ്ട് ഇത് കളവാകാന്‍ ഇടയില്ല.
ഇനിയിപ്പോള്‍ ന്യായീകരിക്കാന്‍ ഉതകുന്ന രീതിയില്‍ നിയമപരമായി പിടിച്ചുനില്‍ക്കാനാണ് നേരത്തേ പരസ്യം നല്‍കിയതെന്നും നോമിനേഷന്‍ സ്വീകരിക്കല്‍ പ്രക്രിയകള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് പരസ്യം കളവാണെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ തിരുത്തി വായിക്കേണ്ടതാണെന്നുമുള്ള പരസ്യം ചന്ദ്രികയില്‍ തന്നെ പ്രസിദ്ധീകരിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാമെന്നും ലീഗിനെ കാരാട്ട് ഫൈസല്‍ പരിഹസിച്ചു.
കാരാട്ട് ഫൈസലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പി.കെ ഫിറോസിന്റെ ആരാധകര്‍ ക്ഷമിക്കണം. നിങ്ങളെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഫിറോസിനെതിരില്‍ കതുവ ഉന്നോവ ഫണ്ട് തട്ടിപ്പ് കേസ് നിലവിലില്ലെന്നും അത് കോടതി എടുത്തെറിഞ്ഞതാണെന്നുമുള്ള ക്യാപ്‌സ്യൂളാണ് നിങ്ങള്‍ക്ക് കിട്ടിയിട്ടുള്ളത്.
എന്നാല്‍ കൊടുവള്ളി മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നോമിനേഷന്‍ നല്‍കുന്നതോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പി.കെ ഫിറോസ് ചന്ദ്രിക പത്രത്തില്‍ നല്‍കിയ പരസ്യത്തില്‍ ഐപിസി 420 പ്രകാരമുള്ള വഞ്ചനയും സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറലും അടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ കതുവ-ഉന്നോവ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്.
പരസ്യം നല്‍കിയത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി തങ്ങളും പത്രം ചന്ദ്രികയും ആയതുകൊണ്ട് ഇത് കളവാകാന്‍ ഇടയില്ല. ഇനിയിപ്പോള്‍ ന്യായീകരിക്കാന്‍ ഉതകുന്ന രീതിയില്‍ പാണക്കാട് തങ്ങളുടെ പേരില്‍, നിയമപരമായി പിടിച്ചുനില്‍ക്കാനാണ് നേരത്തേ പരസ്യം നല്‍കിയതെന്നും നോമിനേഷന്‍ സ്വീകരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് മുമ്പ് പുറത്തിറക്കിയ പരസ്യം കളവാണെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ തിരുത്തി വായിക്കേണ്ടതാണെന്നുമുള്ള പുതിയൊരു കുറിപ്പ് ചന്ദ്രിക പത്രത്തില്‍തന്നെ പ്രസിദ്ധീകരിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാവുന്നതാണെന്ന് അറിയിക്കുന്നു.
Content Highlight: Don’t believe the capsule that says Kathua-Unnao case against PK Firoz doesn’t exist; LDF points to Chandrika newspaper
അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




