4
April, 2026

A News 365Times Venture

4
Saturday
April, 2026

A News 365Times Venture

പയ്യന്നൂരില്‍ ഒരു ചുക്കും സംഭവിക്കില്ല; അവസരവാദികള്‍ക്ക് പോറലേല്‍പ്പിക്കാനാകില്ല- മുഖ്യമന്ത്രി

Date:



Kerala


പയ്യന്നൂരില്‍ ഒരു ചുക്കും സംഭവിക്കില്ല; അവസരവാദികള്‍ക്ക് പോറലേല്‍പ്പിക്കാനാകില്ല: മുഖ്യമന്ത്രി

കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും വി. കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വവും ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടതുമൊന്നും സി.പി.ഐ.എമ്മിനെയോ തെരഞ്ഞെടുപ്പിനെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിലെത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പയ്യന്നൂരിലെ ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനില്‍ക്കുന്നവരാണ്. പവിത്രമായ മണ്ണിനെ കളങ്കപ്പെടുത്താന്‍ സമ്മതിക്കില്ലെന്നും വി.കുഞ്ഞികൃഷ്ണനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അവസരവാദികള്‍ എല്‍.ഡി.എഫിന് ഒരു പോറലും ഏല്‍പ്പിക്കില്ലെന്നും മുഖ്യമന്ത്രി സി.പി.ഐ.എമ്മിനോട് ഇടഞ്ഞ് യു.ഡി.എഫിലേക്ക് ചേക്കേറിയ ടി.കെ. ഗോവിന്ദനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

ടി.കെ ഗോവിന്ദന്‍ എത്ര വലിയചെളിക്കുണ്ടിലാണ് വീണിരിക്കുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ വോട്ട് ചെയ്യാന്‍ തയ്യാറാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് പോലും കൂടെ നിന്നിട്ടാണ് കാലുമാറിയതെന്നും ഗൂഢാലോചന നടത്തിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തളിപ്പറമ്പിലെ സീറ്റില്‍ മത്സരിപ്പിക്കുമെന്ന് കരുതിയിരുന്നെങ്കിലും പി.കെ. ശ്യാമളയുടെ പേര് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് നോമിനേറ്റ് ചെയ്തതോടെയാണ് ജില്ലാ ഭാരവാഹിയായിരുന്ന ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്.

യു.ഡി.എഫിന്റെ പിന്തുണയില്‍ തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് നിലവില്‍ ടി.കെ ഗോവിന്ദന്‍. നേരത്തെ അദ്ദേഹത്തെ കെ. സുധാകരന്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, പയ്യന്നൂര്‍ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചാണ് വി.കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്.

പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനനുള്‍പ്പെടെ ധന്‍രാജിന്റെ കുടുംബത്തിനായി ശേഖരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. ഒരു കോടി പിരിച്ചതില്‍ 46 ലക്ഷത്തോളം തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപിച്ചിരുന്നത്. തുടര്‍ന്ന് സി.പി.ഐ.എം കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ഇത്തവണയും ടി.ഐ മധുസൂദനന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചിരുന്നു. മധുസൂദനനെ തന്നെ ഇത്തവണയും പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ വി. കുഞ്ഞികൃഷ്ണനെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയായിരുന്നു.

പാര്‍ട്ടി കോട്ടയായി അറിയപ്പെടുന്ന കണ്ണൂരിലെ രണ്ട് വിമത സ്വരങ്ങളും എല്‍.ഡി.എഫിന് തലവേദനയാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുള്ള നാട്ടില്‍ ഒരു ചുക്കും സംഭവിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം.

Content Highlight: No trouble will happen in Payyannur; opportunists will not be able to touch CPIM: Chief Minister




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related