9
April, 2026

A News 365Times Venture

9
Thursday
April, 2026

A News 365Times Venture

ഇറാന്‍ വിഷയത്തില്‍ ഞങ്ങളുടെ പക്ഷം ചേരുന്നതാണ് നല്ലത്- വത്തിക്കാനെ ഭീഷണിപ്പെടുത്തി അമേരിക്ക; സന്ദര്‍ശനം റദ്ദാക്കി മാര്‍പ്പാപ്പ

Date:



World


ഇറാന്‍ വിഷയത്തില്‍ ഞങ്ങളുടെ പക്ഷം ചേരുന്നതാണ് നല്ലത്’: വത്തിക്കാനെ ഭീഷണിപ്പെടുത്തി അമേരിക്ക; സന്ദര്‍ശനം റദ്ദാക്കി മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ സൈനിക നയങ്ങളെയും ഇറാന്‍ വിഷയത്തിലെ നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പെന്റഗണ്‍ നേരിട്ട് ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍.

പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വത്തിക്കാന്‍ പ്രതിനിധിയെ നേരിട്ട് വിളിപ്പിച്ചു ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അമേരിക്കയുടെ ഇറാന്‍ നയത്തെയും സൈനിക ഇടപെടലുകളെയും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

സഭയുടെ ധാര്‍മ്മിക നിലപാടുകളെ സൈനിക ശക്തി ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള വാഷിങ്ടണിന്റെ ശ്രമം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

‘ദി ഫ്രീ പ്രസ്സ്’, ‘ദി ലെറ്റേഴ്സ് ഫ്രം ലിയോ’ എന്നിവ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 2026 ജനുവരിയില്‍ പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വത്തിക്കാന്റെ യു.എസ് പ്രതിനിധി കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിനെ ഒരു അടച്ചിട്ട മുറിയിലെ യോഗത്തിലേക്ക് വിളിച്ചുവരുത്തി. പ്രതിരോധ അണ്ടര്‍സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബിയുടെ നേതൃത്വത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ പ്രസംഗത്തില്‍ യു.എസ് സൈനിക നയങ്ങളെ വിമര്‍ശിച്ചതാണ് ചര്‍ച്ചാവിഷയമായത്. നയതന്ത്രം ബലപ്രയോഗത്തിന് വഴിമാറുന്നുവെന്നും ലോകത്ത് യുദ്ധത്തോടുള്ള ആവേശം വര്‍ദ്ധിക്കുകയാണെന്നും മാര്‍പ്പാപ്പ പ്രസംഗത്തില്‍
കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് മറുപടിയായി, ‘ലോകത്ത് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സൈനിക ശക്തി അമേരിക്കയ്ക്കുണ്ട്, അതിനാല്‍ കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം ചേരുന്നതാണ് നല്ലത്’ എന്ന് കോള്‍ബി കര്‍ദ്ദിനാളിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലിയോ പതിനാലാമന്‍, ട്രംപ് ഭരണകൂടത്തിന്റെ ഇറാന്‍ നയത്തിന്റെ ശക്തമായ വിമര്‍ശകരിലൊരാളാണ്. ഇറാനിലെ ജനതയ്ക്കും നാഗരികതയ്ക്കും എതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകളെ മാര്‍പ്പാപ്പ അപലപിച്ചിരുന്നു.

‘ഇന്ന് ഇറാനിലെ മുഴുവന്‍ ജനങ്ങള്‍ക്കെതിരെയും ഭീഷണി ഉയര്‍ന്നിരിക്കുന്നു, ഇത് തികച്ചും അസ്വീകാര്യമാണ്. പശ്ചിമേഷ്യയിലെ അസ്ഥിരത ലോകമെമ്പാടും വിദ്വേഷം ജനിപ്പിക്കുകയേയുള്ളൂ,’ എന്നായിരുന്നു സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

തിരികെ ചര്‍ച്ചകളിലേക്ക് വരാനും നിരപരാധികളായ കുട്ടികളെയും രോഗികളെയും ഓര്‍ത്ത് സമാധാനപരമായ പരിഹാരം കണ്ടെത്താനും അദ്ദേഹം ലോകനേതാക്കളോട് ആഹ്വാനം ചെയ്തു. യുദ്ധത്തിന് പകരം സമാധാനത്തിനായി നിലകൊള്ളാന്‍ ജനങ്ങള്‍ തങ്ങളുടെ ജനപ്രതിനിധികളില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വത്തിക്കാന്‍ പ്രതിനിധിയെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ച യു.എസ് നടപടിയ്ക്ക് പിന്നാലെ നേരത്തെ നിശ്ചയിച്ചിരുന്ന വൈറ്റ് ഹൗസ് ക്ഷണം വത്തിക്കാന്‍ നിരസിച്ചു. പകരം, ജൂലൈ 4-ന് (അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തില്‍) അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ നേരിടുന്ന തെക്കന്‍ ഇറ്റലിയിലെ ലാംപെഡൂസ സന്ദര്‍ശിക്കാനാണ് മാര്‍പ്പാപ്പ തീരുമാനിച്ചത്. ഇത് യു.എസിനുള്ള ശക്തമായ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.

സംഭവം വിവാദമായതോടെ യു.എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വിഷയത്തില്‍ ഇടപെട്ടു. ഹംഗറി സന്ദര്‍ശന വേളയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ, ആരോപണങ്ങള്‍ താന്‍ നേരിട്ട് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറുമായും നമ്മുടെ ഉദ്യോഗസ്ഥരുമായും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വാന്‍സ് പറഞ്ഞു. സ്ഥിരീകരിക്കാത്ത വാര്‍ത്തകളില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പെന്റഗണ്‍ വക്താവ് ഈ റിപ്പോര്‍ട്ട് തള്ളിക്കളയുകയും വത്തിക്കാനുമായുള്ള ബന്ധം തുടരുമെന്ന് അറിയിക്കുകയും ചെയ്തു.

Content Highlight: Pentagon officials allegedly told Vatican to ‘better take America’s side’




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related