16
April, 2026

A News 365Times Venture

16
Thursday
April, 2026

A News 365Times Venture

ലോകത്തെ സ്വാധീനിച്ച 100 വ്യക്തികള്‍; ടൈംസ് മാഗസിന്‍ പട്ടികയില്‍ സുന്ദര്‍ പിച്ചൈയും രണ്‍ബീര്‍ കപൂറും വികാസ് ഖന്നയും

Date:



India


ലോകത്തെ സ്വാധീനിച്ച 100 വ്യക്തികള്‍; ടൈംസ് മാഗസിന്‍ പട്ടികയില്‍ സുന്ദര്‍ പിച്ചൈയും രണ്‍ബീര്‍ കപൂറും വികാസ് ഖന്നയും

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ 2026 ലെ പട്ടിക പുറത്തുവിട്ട് ടൈംസ് മാഗസിന്‍.

ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, ഷെഫ് വികാസ് ഖന്ന എന്നിവരുള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വംശജര്‍ ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചു.

യൂട്യൂബ് മേധാവി നീല്‍ മോഹന്‍, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

ഏപ്രില്‍ 15ന് പുറത്തിറക്കിയ ഈ പട്ടികയില്‍ ആഗോളതലത്തില്‍ ലോകത്തിന് മാതൃകയായവര്‍, നേതാക്കള്‍, കലാകാരന്മാര്‍, ഐക്കണുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരെയും ലോകഗതിയെ തന്നെ മാറ്റിമറിച്ചവരേയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രീയ രംഗത്തെ പ്രമുഖരും പട്ടികയില്‍ മുന്‍നിരയിലുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പോപ്പ് ലിയോ പതിനാലാമന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു.

കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ആര്‍ട്ടെമിസ് കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ എന്നിവരും സ്വാധീനശക്തിയുള്ള നേതാക്കളുടെ പട്ടികയിലുണ്ട്.

എ.ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ സുന്ദര്‍ പിച്ചൈ വഹിക്കുന്ന പങ്കിനെ ടൈം മാഗസിന്‍ പ്രശംസിച്ചു. 2015ല്‍ ഗൂഗിളിന്റെ സി.ഇ.ഒ ആയത് മുതല്‍ കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്കായി നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.

ഗൂഗിള്‍ എ.ഐ സ്റ്റുഡിയോ, ജെമിനി സി.എല്‍.ഐ തുടങ്ങിയ ഉല്‍പ്പന്നങ്ങളിലൂടെ ഗൂഗിളിനെ ഒരു ഡീപ്-ടെക് പവര്‍ഹൗസായി പിച്ചൈ നിലനിര്‍ത്തുന്നുവെന്നും സുന്ദര്‍ പിച്ചെയുടെ പ്രാഫൈല്‍ എഴുതിയ ആന്‍ഡ്രൂ എന്‍.ജി പറഞ്ഞു.

നടന്‍ ആയുഷ്മാന്‍ ഖുറാനയാണ് രണ്‍ബീര്‍ കപൂറിനായി ടൈം പ്രൊഫൈല്‍ എഴുതിയത്. വെറുമൊരു സിനിമാതാരം എന്നതിലുപരി, ഇന്ത്യന്‍ സംസ്‌കാരത്തെയും വൈകാരികതയെയും ആഗോളതലത്തില്‍ എത്തിക്കുന്ന കഥാകാരനാണ് രണ്‍ബീറെന്ന് ഖുറാന വിശേഷിപ്പിച്ചു. രാമായണം പോലുള്ള ഇതിഹാസങ്ങളിലൂടെയും ആധികാരികമായ അഭിനയ ശൈലിയിലൂടെയും രണ്‍ബീര്‍ ഇന്ത്യന്‍ സിനിമയുടെ പുതിയ കാലത്തെ പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മിഷേലിന്‍ സ്റ്റാര്‍ ഷെഫ് വികാസ് ഖന്നയെ ‘അസാധാരണ ഹൃദയമുള്ള മനുഷ്യന്‍’ എന്നാണ് ടൈം വിശേഷിപ്പിച്ചത്. ഭക്ഷണത്തെ ഒരു സാര്‍വത്രിക ഭാഷയായി കണ്ട് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഷെഫ് എറിക് റിപ്പര്‍ട്ട് പ്രശംസിച്ചു. ന്യൂയോര്‍ക്കിലെ അദ്ദേഹത്തിന്റെ ‘ബംഗ്ലാവു’ എന്ന റെസ്റ്റോറന്റ് വെറുമൊരു ഭക്ഷണശാലയല്ല, മറിച്ച് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ കഥ പറയുന്ന ഇടമാണെന്നും പ്രൊഫൈല്‍ വ്യക്തമാക്കി.

യൂട്യൂബിന്റെ വളര്‍ച്ചയ്ക്ക് പുത്തന്‍ വേഗത നല്‍കിയ വ്യക്തിയായാണ് നീല്‍ മോഹന്‍ അടയാളപ്പെടുത്തപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ലീഗുകളുമായുള്ള കരാറുകളും സ്രഷ്ടാക്കളുടെ വിശ്വാസ്യത നേടിയെടുക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറായ സൊഹ്‌റാന്‍ മംദാനി, ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ പുതിയ ഊര്‍ജ്ജമായാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും ശിശുസംരക്ഷണ പദ്ധതികളിലും ഭവന പദ്ധതികളിലും അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും ടൈം മാഗസിന്‍ പറഞ്ഞു.

സ്വാധീനം എന്നത് പല രൂപങ്ങളില്‍ വരുന്നുവെന്ന് ടൈംസ് അടിവരയിടുന്നു. പട്ടികയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 96 വയസ്സുള്ള ഹ്യൂര്‍ട്ടയാണ്. നേപ്പാളിലെ ജനറല്‍ ഇസഡ് പ്രതിഷേധങ്ങളെത്തുടര്‍ന്ന് 35ാം വയസ്സില്‍ പ്രധാനമന്ത്രിയായ ബാലേന്ദ്ര ഷായും പട്ടികയില്‍ ഇടംപിടിച്ചു. ഒളിമ്പ്യന്‍മാരായ അലിസ ലിയു, ഹിലാരി നൈറ്റ്, ക്ലോയി കിം എന്നിവരുടെ കായിക വീര്യവും ഡോ. കിരണ്‍ മുസുനുരുവിനെപ്പോലുള്ളവരുടെ ശാസ്ത്രീയ മികവും പട്ടികയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

സാംസ്‌കാരികവും രാഷ്ട്രീയവും സാങ്കേതികവുമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ 100 പേര്‍ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുവെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Sundar Pichai, Vikas Khanna, Ranbir Kapoor in TIME’s 100 most influential list




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related