ഇസ്രഈൽ മനുഷ്യാവകാശങ്ങൾ ലംഘിച്ചു, യൂറോപ്യൻ യൂണിയനുമായുള്ള കരാർ മരവിപ്പിക്കണം: അയർലന്റ്
ഡബ്ലിൻ: മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കുന്ന ഇസ്രഈലിനെതിരെ യൂറോപ്യൻ യൂണിയൻ നടപടിയെടുക്കണമെന്ന് അയർലൻഡ് വിദേശകാര്യ മന്ത്രി ഹെലൻ മക് എൻറ്റി.
യൂറോപ്യൻ യൂണിയൻ – ഇസ്രഈൽ കരാർ റദ്ധാക്കണമെന്നും കുറഞ്ഞപക്ഷം അതിലെ വ്യാപാര വ്യവസ്ഥകളെങ്കിലും അടിയന്തരമായി മരവിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ലക്സംബർഗിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മക് എൻറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രഈലുമായുള്ള കരാർ പുനപരിശോധിക്കണമെന്നും അത് റദ്ദാക്കാനുള്ള സാധ്യതകളെ കുറിച്ച് പരിശോധിക്കണമെന്നും കാണിച്ച് അയർലന്റ്, സ്‌പെയിൻ, സ്ലോവേനിയ എന്നീ രാജ്യങ്ങൾ ചേർന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസിന് കത്തയച്ചതായും അവർ പറഞ്ഞു.
‘യൂറോപ്യൻ യൂണിയൻ എന്ന നിലയിൽ നമ്മുടെ അടിസ്ഥാന മൂല്യങ്ങൾ നാം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്,’ മക് എൻറ്റി പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി കരാറിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവർ ഊന്നിപ്പറഞ്ഞു.
ഫലസ്തീനികളെ അന്യായമായി ലക്ഷ്യം വെക്കുന്നതാണ് ഇസ്രഈലിന്റെ പുതിയ വധശിക്ഷാ ബില്ലെന്ന് അവർ വിമർശിച്ചു.
ഈ സാഹചര്യങ്ങൾ മുൻനിർത്തി ഇസ്രഈലുമായുള്ള കരാർ റദ്ദാക്കണമെന്നും അത് സാധ്യമല്ലെങ്കിൽ കരാറിലെ വ്യാപാര ബന്ധങ്ങളെങ്കിലും നിർത്തിവെക്കണമെന്നും അയർലൻഡ്, സ്ലോവേനിയ, സ്പെയിൻ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടതായി മക് എൻറ്റി പറഞ്ഞു.
ഇസ്രഈലിന്റെ സമീപകാല നടപടികളിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾക്കിടയിൽ അതൃപ്തിയും അമർഷവും ഉണ്ടെന്നും അവർക്കിടയിൽ വലിയൊരു മാറ്റം പ്രകടമാണെന്നും മക് എൻറ്റി കൂട്ടിച്ചേർത്തു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഐറിഷ് മന്ത്രി, കഴിഞ്ഞ ആഴ്ചകളിൽ 34 പുതിയ സെറ്റിൽമെന്റുകൾക്ക് ഇസ്രഈൽ അനുമതി നൽകിയെന്നും പറഞ്ഞു.
Content Highlight: Israel violated human rights, agreement with the European Union should be frozen: Ireland




