24
April, 2026

A News 365Times Venture

24
Friday
April, 2026

A News 365Times Venture

നാവരിയും, നിനക്കും പന്‍സാരെയുടെ വിധിയുണ്ടാകും; പുസ്തക പ്രസാധകനെ ഭീഷണിപ്പെടുത്തി ശിവസേന എം.എല്‍.എ

Date:



national news


‘നാവരിയും, നിനക്കും പന്‍സാരെയുടെ വിധിയുണ്ടാകും’; പുസ്തക പ്രസാധകനെ ഭീഷണിപ്പെടുത്തി ശിവസേന എം.എല്‍.എ

 

മുംബൈ: ഛത്രപതി ശിവജിയെ കുറിച്ചുള്ള പുസ്തകത്തിന്റെ പേരില്‍ പ്രസാധകനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത് ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം) എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ്.

കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെ 38 വര്‍ഷം മുമ്പ് എഴുതിയ ‘ശിവജി കോന്‍ ഹോത്താ?’ (ആരായിരുന്നു ശിവജി?) എന്ന പുസ്തകം ചരിത്രത്തെ വികലമാക്കുന്നുവെന്ന് ആരോപിച്ചാണ് പുസ്തക പ്രസാധകനെതിരെ എം.എല്‍.എയുടെ ഭീഷണി.

കോലാപൂര്‍ ആസ്ഥാനമായുള്ള പ്രസാധകന്‍ പ്രശാന്ത് അംബിക്കെതിരെയാണ് ഗെയ്ക്വാദിന്റെ വധഭീഷണി. ഒമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രസാധകനെ എം.എല്‍.എ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. ഇതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.

‘നിനക്കും പന്‍സാരെയുടെ വിധിയുണ്ടാകും’ എന്ന് ഗെയ്ക്വാദ് ഭീഷണി മുഴക്കിയതായി പ്രസാധകന്‍ ആരോപിച്ചു. 2015ല്‍കോലാപൂരില്‍ വെച്ചാണ് ഗോവിന്ദ് പന്‍സാരെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

പുസ്തകത്തിന്റെ ശീര്‍ഷകത്തോടും ഉള്ളടക്കത്തോടും ഗെയ്ക്വാദ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘അവന്റെ നാവ് അരിയേണ്ടതുണ്ട്. ശിവജി മഹാരാജിനെ അപമാനിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ വായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ പുസ്തകം നശിപ്പിക്കണം’ എന്ന് ഗെയ്ക്വാദ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രസാധകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുമെന്നും ശിവസേന എം.എല്‍.എ ഭീഷണി മുഴക്കിയിട്ടുണ്ട്.

തന്റെ ഭാര്യ ചൊവ്വാഴ്ച പുസ്തകം വാങ്ങി കൊണ്ടുവന്നപ്പോഴാണ് താന്‍ ഇത് വായിച്ചതെന്ന് ബുല്‍ധാനയില്‍ നിന്നുള്ള എം.എല്‍.എ പറഞ്ഞു. ഓഡിയോ ക്ലിപ്പ് തന്റേതാണെന്ന് സമ്മതിച്ച ഗെയ്ക്വാദ്, എന്നാല്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തി വികലമാക്കിയതാണെന്നും അവകാശപ്പെട്ടു.

‘ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല… അത്തരക്കാര്‍ അസഭ്യം കേള്‍ക്കാന്‍ അവര്‍ അര്‍ഹരാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഇത് തീര്‍ത്തും ഗുണ്ടായിസമാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വിമര്‍ശിച്ചു.

എം.എല്‍.എയുടെ പെരുമാറ്റം മഹാരാഷ്ട്രയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോണ്‍ഗ്രസ് വക്താവ് ഹര്‍ഷവര്‍ധന്‍ സപ്കല്‍ ആവശ്യപ്പെട്ടു. പ്രസാധകന് അടിയന്തര സുരക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴയ വിവാദങ്ങള്‍ കുത്തിപ്പൊക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നായിരുന്നു വിഷയത്തില്‍ ബി.ജെ.പി നേതാവ് രാധാകൃഷ്ണ വിഖൈയുടെ പ്രതികരണം.

ആശയങ്ങളെ ഭീഷണിയിലൂടെ നേരിടാന്‍ കഴിയില്ലെന്ന് ഗോവിന്ദ് പന്‍സാരെയുടെ മകള്‍ മേധാ പന്‍സാരെ പ്രതികരിച്ചു.

‘നിങ്ങള്‍ക്കൊരിക്കലും ഒരു ആശയത്തെ കൊല്ലാന്‍ കഴിയില്ല. ആദ്യം പുസ്തകം വായിക്കുക, അതിന് ശേഷം മാത്രം അഭിപ്രായം പറയുക,’ അവര്‍ പറഞ്ഞു.

1988ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം ശിവജിയെ ഒരു മതേതര രാജാവായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും 75ലധികം പതിപ്പുകള്‍ ഇറങ്ങുകയും ചെയ്തിട്ടുണ്ട്.

നേരത്തെയും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സഞ്ജയ് ഗെയ്ക്വാദ്. രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതും ഇയാള്‍ തന്നെ ആയിരുന്നു.

 

Content Highlight: Shiv Sena MLA issues death threat against publisher over book on Chhatrapati Shivaji

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related