അസഭ്യം പറഞ്ഞാൽ പേടിച്ച് പോകുമെന്ന് കരുതിയോ; യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർക്ക് മറുപടിയുമായി സുഹറ മമ്പാട്
കോഴിക്കോട്: വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്. അസഭ്യം പറഞ്ഞും പരിഹസിച്ചും തന്നെ തളർത്താമെന്ന് ആരും കരുതേണ്ടെന്നും പച്ചപുതച്ച് കിടക്കും വരെ ലീഗിൽ തുടരുമെന്നും സുഹറ മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു.
വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെ തന്നെ ആക്ഷേപിച്ചും അസഭ്യം പറഞ്ഞും കമന്റിട്ട മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണ് സുഹറയുടെ പോസ്റ്റ്.
തള്ള, കിളവി, അമ്മായി തുടങ്ങിയ വിളികളിലൂടെ തന്നെ അഭിസംബോധന ചെയ്തവരുടെ ലീഗ് രാഷ്ട്രീയമാണോ ഇതെന്ന് അവർ ചോദിച്ചു. വ്യക്തിപരമായി മെസേജുകൾ അയച്ച് അസഭ്യം പറയുന്നവർ തന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും അവർ പറഞ്ഞു.
സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടോ മറ്റ് പാർട്ടി കാര്യങ്ങളിലോ താൻ ഇന്നേവരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും, കഴിഞ്ഞ യോഗത്തിൽ ഫാത്തിമ തഹ്‌ലിയയുടെ വിജയത്തിൽ നന്ദി പറഞ്ഞും അഭിനന്ദിച്ചുമാണ് താൻ സംസാരിച്ചു തുടങ്ങിയതെന്നും എന്നിട്ടും പാർട്ടിയെയും വനിതാ ലീഗിനെയും കൊത്തിവലിക്കാൻ പാകത്തിന് ഇട്ടുകൊടുത്തരോട് സഹതാപമാണെന്നും അവർ കുറിച്ചു.
യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരോട് താൻ എന്നും സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും അവരെ മക്കളെപോലെയാണ് കണ്ടിരുന്നതെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു.
തന്നെ അസഭ്യം പറയുന്നവർ അവരുടെ പ്രൊഫൈലുകളിൽ നിന്ന് ലീഗ് പതാകയും നേതാക്കളുടെ ഫോട്ടോയും നീക്കം ചെയ്യണമെന്ന് സുഹറ മമ്പാട് ആവശ്യപ്പെട്ടു. ഇത്തരം സംസ്‌കാരശൂന്യമായ പെരുമാറ്റം കാരണം ലീഗ് എന്ന പ്രസ്ഥാനത്തെ പൊതുസമൂഹം തെറ്റിദ്ധരിക്കാൻ ഇടയാകരുത് എന്നതുകൊണ്ടാണ് ഈ അഭ്യർത്ഥന എന്ന് സുഹറ പറഞ്ഞു.
Content Highlight: Suhara Mambad responds to Youth League and MSF activists




