13
May, 2026

A News 365Times Venture

13
Wednesday
May, 2026

A News 365Times Venture

കേന്ദ്രത്തിന് തിരിച്ചടി; സിദ്ധാര്‍ത്ഥ് വരദരാജന്റെ ഒ.സി.ഐ അപേക്ഷ തള്ളിയ നടപടി റദ്ദാക്കി ദല്‍ഹി ഹൈക്കോടതി

Date:

കേന്ദ്രത്തിന് തിരിച്ചടി; സിദ്ധാര്‍ത്ഥ് വരദരാജന്റെ ഒ.സി.ഐ അപേക്ഷ തള്ളിയ നടപടി റദ്ദാക്കി ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്റെ ‘പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍’ (പി.ഐ.ഒ) പദവി ‘ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ’ (ഒ.സി.ഐ) ആക്കി മാറ്റാനുള്ള അപേക്ഷ നിരസിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ദല്‍ഹി ഹൈക്കോടതി റദ്ദാക്കി.

മതിയായ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ തള്ളിയതെന്ന് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് ചൂണ്ടിക്കാട്ടി. ഒരു ഉത്തരവിന്റെ ‘ഹൃദയവും ആത്മാവുമാണ്’ അതില്‍ പറയുന്ന കാരണങ്ങളെന്ന് നിരീക്ഷിച്ച കോടതി, കാരണങ്ങള്‍ വിശദമാക്കാത്ത പക്ഷം അപ്പീല്‍ കോടതിക്ക് കാര്യങ്ങള്‍ വിലയിരുത്താന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

സിദ്ധാര്‍ത്ഥ് വരദരാജന്‍ 2022ല്‍ സമര്‍പ്പിച്ച അപേക്ഷ പുനഃസ്ഥാപിക്കാനും നിയമപ്രകാരം വ്യക്തമായ കാരണങ്ങള്‍ സഹിതമുള്ള ഉത്തരവ് പുറപ്പെടുവിച്ച് അപേക്ഷ പുനഃപരിശോധിക്കാനും അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍. 1995 മുതല്‍ അദ്ദേഹം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ചുവരികയാണ്. 2002ല്‍ അദ്ദേഹത്തിന് പി.ഐ.ഒ കാര്‍ഡ് ലഭിച്ചിരുന്നു.

2015ലെ നിയമപരിഷ്‌കാരത്തിന് പിന്നാലെ പി.ഐ.ഒ കാര്‍ഡുകള്‍ ഒ.സി.ഐ കാര്‍ഡുകളായി മാറിയെങ്കിലും, അദ്ദേഹത്തിന്റെ പക്കലുള്ള പഴയ കാര്‍ഡ് മെഷീന്‍ റീഡബിള്‍ അല്ലാത്തതിനാലാണ് അത് മാറ്റുന്നതിനായി 2022 ജനുവരിയില്‍ അപേക്ഷ നല്‍കിയത്.

മെയ് 15 മുതല്‍ 17 വരെ എസ്റ്റോണിയയില്‍ നടക്കുന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യാന്‍ അനുമതി തേടിയുള്ള അദ്ദേഹത്തിന്റെ മറ്റൊരു അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി വെച്ചു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം തേടാന്‍ കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു.

ഏപ്രില്‍ രണ്ടിന് ആഭ്യന്തര മന്ത്രാലയം അയച്ച ഒരു വരിയിലുള്ള ഇമെയില്‍ സന്ദേശത്തിലൂടെയാണ് വരദരാജന്റെ അപേക്ഷ തള്ളിയത്. 2026 ജനുവരി ഒന്നിന് ശേഷം ഈ പി.ഐ.ഒ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനോ ഇന്ത്യയില്‍ താമസിക്കാനോ കഴിയില്ലെന്നും അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

 

Content Highlight: Setback for the Center; Delhi High Court quashes the rejection of Siddharth Varadarajan’s OCI application

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related