സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാർ; 60 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസ് മന്ത്രിപദത്തിലേക്ക്
ചെന്നൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിജയ് സർക്കാർ രൂപീകരിച്ചതോടെ കോൺഗ്രസിന് ആറ് പതിറ്റാണ്ടിന് ശേഷം തമിഴ്നാട്ടിൽ മന്ത്രിപദം. ഇന്ന് (വ്യാഴം) സത്യപ്രതിജ്ഞചെയ്യ്ത 23 മന്ത്രിമാരിൽ രണ്ടുപേർ കോൺഗ്രസ് എം.എൽ.എമാരാണ്. ബാക്കി 21 പേരും ടി.വി.കെയിൽ നിന്നുള്ളവരും.
അതേസമയം ടി.വി.കെയ്ക്ക് ഭരണത്തിലേറാൻ നിർണായക പിന്തുണ നൽകിയ വി.സി.കെ, സി.പി.ഐ, സി.പി.എം.എം, മുസ്ലിം ലീഗ് എന്നിവർ മന്ത്രിസഭയിലില്ല. സി.പി.ഐ, സി.പി.എം.എം എന്നീ പാർട്ടികൾ സർക്കാരിന് പുറത്തുനിന്നും പിന്തുണ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്.
മെയ് 10 ന് ഒൻപത് മന്ത്രിമാർക്കൊപ്പമാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനാപരമായ പരിധി അനുസരിച്ച് തമിഴ്നാട് മന്ത്രിസഭയിൽ പരമാവധി 35 മന്ത്രിമാർ വരെയാകാം. ഇന്ന് 23 മന്ത്രിമാർ കൂടി ചുമതലയേറ്റതോടെ വിജയ് നയിക്കുന്ന മന്ത്രിസഭയുടെ അംഗബലം ഇപ്പോൾ 32 ആയി ഉയർന്നു. ഇനി ശേഷിക്കുന്ന മൂന്ന് ഒഴിവുകൾ വി.സി.കെ, മുസ്ലിം ലീഗ് എന്നീ പാർട്ടികൾക്ക് ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
രാജേഷ് കുമാർ, തിരു പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിസ്ഥാനം ലഭിച്ച കോൺഗ്രസ് എം.എൽ.എമാർ. 1967 ൽ അവസാനമായി അധികാരത്തിലേറിയ കോൺഗ്രസ് മുഖ്യമന്ത്രിയായ എം. ഭക്തവത്സലം മന്ത്രിസഭയ്ക്ക് ശേഷം ആദ്യമായാണ് കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. 1697 ശേഷം തമിഴ്നാട്ടിൽ ദ്രാവിഡപാർട്ടികൾ മാറി മാറി ഭരിച്ചതോടെ കോൺഗ്രസിന് ഭരണം തിരികെ ലഭിച്ചില്ല.
അതേസമയം ഡി.എം.കെ മുന്നണിയിൽ മത്സരിച്ച കോൺഗ്രസ് കൂറുമായി ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ത്യാ മുന്നണിയിൽ നിന്നും ഡി.എം.കെ പിൻവാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ഡി.എം.കെ എം.പി കനിമൊഴി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Ministers take oath; Congress takes charge of ministries in Tamil Nadu after 60 years




