Kerala
സമൂഹത്തില്‍ കുറച്ച് ബ്ലസ്ഡായ സ്ത്രീകള്‍ സൗജന്യം വേണ്ടെന്ന് വെച്ചാല്‍ പദ്ധതി വന്‍ വിജയമാവും; പ്രിയദര്‍ശിനി പദ്ധതിയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി
തൃശ്ശൂര്‍: സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയായ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി പദ്ധതിയെ പിന്തുണച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയം എന്നത് മാറ്റിവെച്ചാല്‍ സി.പി ജോണ്‍ നല്ല പ്ലാനിങ്ങുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും ഗതാഗതി മന്ത്രിയായ സി.പി ജോണും ചേര്‍ന്ന് പദ്ധതിയെ നല്ല വഴിക്ക് കൊണ്ടുവരുമെന്നും അതിനുള്ള മാനസികമായ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ സൗജന്യ യാത്രയുടെ ഡെബിള്‍ ബെല്ലടിച്ചപ്പോള്‍ സ്ത്രീകളുടെ മനസില്‍ പുതിയ സ്വപ്നങ്ങള്‍ വിരിഞ്ഞ് തുടങ്ങിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ സര്‍ക്കാര്‍ ഒരു സംവിധാനം കൊണ്ടുവരുന്നതിനേക്കാള്‍ സമൂഹത്തില്‍ കുറച്ച് കൂടി ബ്ലസ്ഡായിട്ടുള്ള സ്ത്രീകള്‍ ഞങ്ങള്‍ക്ക് സൗജന്യം ആവശ്യമില്ല, ഞങ്ങള്‍ കാശ് കൊടുത്ത് പോയ്‌ക്കോളാം എന്ന് സധൈര്യം പറയാന്‍ പറ്റുന്നവര്‍ പറഞ്ഞാല്‍ ഇത് വളരെ വലിയ പദ്ധതിയായി മാറും,’ സുരേഷ് ഗോപി പറഞ്ഞു.
ഞാന്‍ ഒരു സ്ത്രീ, എനിക്ക് സമ്പാദ്യമുണ്ട്. ഞാന്‍ മറ്റൊരു നിര്‍ധനയായ അല്ലെങ്കില്‍ ഇതിന് വകയില്ലാത്ത ഒരു സ്ത്രീയുടെ അവകാശം പിടിച്ച് പറിക്കില്ലെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം യാത്രക്കാര്‍ തീരുമാനിച്ചാല്‍ ഇത് വളരെ മനോഹരമാകും. മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാര്‍ക്കും നല്‍കാനുളള തിരിച്ചുള്ള ട്രിബ്യൂട്ട് ഇതായിരിക്കും. ആ ചിന്താഗതി വളരണം. സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍ ബി.ജെ.പി സൗജന്യ യാത്ര പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇന്നലെ വരെ ഓര്‍ഡിനറി ആയിരുന്ന ബസുകള്‍ ഇന്ന് സിറ്റി ഫാസ്റ്റ് ആയി മാറ്റുന്നത്, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എങ്ങനെയെങ്കിലും നല്‍കാതിരിക്കുക എന്ന ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നായിരുന്നു ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ബി.ജെ.പിയുടെ പ്രതികരണം.
‘സൗജന്യ യാത്ര നല്‍കുന്നുണ്ടെങ്കില്‍ അത് എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും നല്‍കണം. അല്ലാതെ കുറച്ചു ബസുകളില്‍ മാത്രം ഈ സൗകര്യം ഒരുക്കിയിട്ട് ‘ഞങ്ങള്‍ വാഗ്ദാനം പാലിച്ചു’ എന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അത് വിശ്വസിക്കുമെന്ന് കരുതേണ്ട.
കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ക്കും ഒരു സ്റ്റിക്കര്‍ ഒട്ടിച്ച് പേര് മാറ്റാമെന്ന് കരുതിയാല്‍ ഇത്തവണ അത് നടപ്പില്ല. ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം ഒത്തുകളിച്ചിരുന്ന കാലം കഴിഞ്ഞു. ജനങ്ങളെ പറ്റിക്കുന്ന ഓരോ വാഗ്ദാനത്തെയും ചോദ്യം ചെയ്യാന്‍ ഇന്ന് ബി.ജെ.പി എന്ന ശക്തമായ പ്രതിപക്ഷമുണ്ട്. ഈ വാഗ്ദാനം പാലിക്കുന്നത് വരെ ബി.ജെ.പി ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകും,’ പോസ്റ്റില്‍ പറയുന്നു.
Content Highlight: If a few bloated women in the society refuse to give free education, the project will be a huge success; Suresh Gopi welcomes the Priyadarshini project
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




