12
July, 2026

A News 365Times Venture

12
Sunday
July, 2026

A News 365Times Venture

ആ 90 മിനിട്ട് ഞങ്ങള്‍ അധികാരരഹിതരായിരുന്നു; അപ്പോള്‍ ഫലസ്തീനികളുടെ അവസ്ഥ എന്താവും- ഇസ്രഈല്‍ ബന്ദിയാക്കിയതിനെക്കുറിച്ച് റോ ഖന്ന

Date:



Trending


ആ 90 മിനിട്ട് ഞങ്ങള്‍ അധികാരരഹിതരായിരുന്നു; അപ്പോള്‍ ഫലസ്തീനികളുടെ അവസ്ഥ എന്താവും: ഇസ്രഈല്‍ ബന്ദിയാക്കിയതിനെക്കുറിച്ച് റോ ഖന്ന

ജറുസലേം: ഫലസ്തീന്‍ സന്ദര്‍ശിക്കുകയായിരുന്ന യു.എസ് പ്രതിനിധി സഭാ അംഗവും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ റോ ഖന്ന അടക്കമുള്ളവരെ ഇസ്രഈല്‍ കുടിയേറ്റക്കാരും ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) സൈനികരും 90 മിനിട്ടോളം ബന്ദികളാക്കി. റോ ഖന്നയാണ് ഈ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

തെക്കന്‍ വെസ്റ്റ് ബാങ്കിലെ ഖിര്‍ബെറ്റ് സനുറ്റ എന്ന ഗ്രാമത്തില്‍ വച്ചാണ് റോ ഖന്നയും മറ്റ് യു.എസ് നേതാക്കളും സഞ്ചരിക്കുകയായിരുന്ന മിനിബസ് ഇസ്രഈല്‍ കുടിയേറ്റക്കാര്‍ കസ്റ്റഡിയിലെടുത്തത്. ഒരു കാറിലെത്തിയ ഒരു സംഘം ആളുകള്‍ തോക്കുകാട്ടി ബസ് നിര്‍ത്തുകയും റോ ഖന്ന അടക്കമുള്ളവരെ ബന്ദിയാക്കുകയുമായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കാറിലെത്തിയവര്‍ ഹീബ്രുവില്‍ തെറിവിളിക്കുകയും മിനിബസിന്റെ ടയറുകളില്‍ ചവിട്ടുകയും ചെയ്തിരുന്നു. മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ഈ സംഭവത്തിന് സാക്ഷിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാറിലുള്ളവര്‍ക്ക് പിന്നാലെ ഒരു ജീപ്പിലായി കൂടുതല്‍ പേര്‍ സ്ഥലത്തെത്തി. പിന്നാലെ രണ്ട് കാറിലായി ഐ.ഡി.എഫ് സൈനികരും സ്ഥലത്തെത്തി. സൈനികര്‍ തങ്ങളെ സഹായിക്കുമെന്ന് റോ ഖന്ന അടക്കമുള്ളവര്‍ കരുതിയെങ്കിലും അവര്‍ സിഗരറ്റ് വലിച്ച് കുടിയേറ്റക്കാരുമായി സംസാരിച്ച് കാര്‍ റോഡിന്റെ നടുവിലിട്ട് വഴി ബ്ലോക്ക് ചെയ്യുകയായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തനിക്ക് നേര്‍ക്കുണ്ടായ അതിക്രമത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ റോ ഖന്ന സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഐ.ഡി.എഫും ഇസ്രഈലി കുടിയേറ്റക്കാരും എന്നെ ഫലസ്തീനില്‍ ഗണ്‍പോയിന്റില്‍ നിര്‍ത്തി,’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ വീഡിയോ അദ്ദേഹം പങ്കുവച്ചത്.

‘ആ കുടിയേറ്റക്കാരുടെ കണ്ണുകളി ല്‍ എനിക്ക് ധാര്‍ഷ്ട്യം കാണാന്‍ കഴിഞ്ഞിരുന്നു. തോക്കുകളേന്തി 21ഉം 22ഉം വയസുള്ളവര്‍. ഞങ്ങളെ പിടിച്ചുവെച്ച സമയത്ത് അവര്‍ ചിരിക്കുകയായിരുന്നു. ആ ഐ.ഡി.എഫ് സൈനികരുടെ ആ ധാര്‍ഷ്ട്യത്തിന് ധനസഹായം നല്‍കുന്നതും നികുതിപ്പണമായ ഡോളറുകളായിരിക്കും,’ വീഡിയോയില്‍ ഖന്ന പറഞ്ഞു.

‘അവര്‍ അമേരിക്കക്കാരെയാണ് തടങ്കലില്‍ വച്ചിരിക്കുന്നതെന്ന വസ്തുത അവര്‍ ഒരു തരത്തിലും മാനിച്ചില്ല. ആ ബസില്‍ ഒരു അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമുണ്ടെന്നത് പോലും അവര്‍ മാനിച്ചില്ല. അമേരിക്കക്കാര്‍ ഇതിലുണ്ടെന്നും അമേരിക്കന്‍ എംബസിക്ക് ആശങ്കയുണ്ടെന്നും ഞങ്ങളുടെ ട്രാന്‍സിലേറ്റര്‍ പറഞ്ഞപ്പോഴും അവര്‍ ചിരിക്കുകയായിരുന്നു.

ഇത് അധികാരത്തിന്റെ ധാര്‍ഷ്ട്യമാണ്. ഉത്തരം പറയാന്‍ ഒരു ബാധ്യസ്ഥതയുമില്ലാത്ത ഒരു അധികാരത്തിന്റെ ധാര്‍ഷ്ഠ്യം. തെറ്റുകള്‍ ചോദ്യം ചെയ്യപ്പെടില്ലെന്ന അവസ്ഥ. അത് അടിച്ചമര്‍ത്തലിന്റെ ടോക്‌സിക് ആയ സംസ്‌കാരമാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്,’ ഖന്ന പറഞ്ഞു.

‘ഫലസ്തീന്‍ യാത്രയിലായിരുന്ന എന്നെയും മറ്റ് അമേരിക്കക്കാരെയും അമേരിക്കന്‍ നിര്‍മിത എം4 റൈഫിളുകള്‍ കാട്ടി ഇസ്രഈലി കുടിയേറ്റക്കാര്‍ ബന്ദികളാക്കി. ഐ.ഡി.എഫുകാര്‍ വന്നപ്പോള്‍ അവരും കുടിയേറ്റക്കാര്‍ക്കൊപ്പം കൂടി ഞങ്ങളെ ബന്ദികളാക്കുന്നതില്‍ പങ്കാളികളായി. അവര്‍ വലിയ തെറ്റാണ് ചെയ്തത്,’ എന്ന് മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഖന്ന കുറിച്ചു.

‘ ആ സന്ദര്‍ഭത്തില്‍ എനിക്ക് സ്വയം അധികാര രഹിതനായി തോന്നി. അത് അത്ര എളുപ്പമുള്ള കാര്യമല്ല, എനിക്ക് ജീവിതത്തില്‍ ധാരാളം പ്രിവിലേജുകളുണ്ടായിരുന്നു എന്നതിനാല്‍,’ ഖന്നയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

‘അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ അധികാരരഹിതരായി തോന്നിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അങ്ങനെയാണെങ്കില്‍ അധിനിവേശത്തിന് കീഴില്‍ കഴിയുന്ന ഫലസ്തീനികളുടെ കാര്യം ആലോചിച്ച് നോക്കൂ. അവര്‍ക്ക് എല്ലാ ദിവസവും എന്താവും അനുഭവിക്കേണ്ടി വരുന്നതെന്ന്,’ റോ ഖന്ന പറഞ്ഞു.

യു.എസ്. എംബസിയില്‍ നിന്നും ഇസ്രഈലി പൊലീസില്‍ നിന്നും ഫോണ്‍കോള്‍ വന്നതിന് പിറകെ ഇവരെ കുടിയേറ്റക്കാരും ഐ.ഡി.എഫ് സൈനികരും വിട്ടയച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


റോ ഖന്ന അടക്കമുള്ളവര്‍ക്കെതിരായ അതിക്രമം വെസ്റ്റ്ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമങ്ങളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ മൂന്ന് വര്‍ഷം മുമ്പ് ഇസ്രഈലിന്റെ വംശഹത്യാപരമായ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ്ബാങ്കിലെ കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വര്‍ധിച്ചതായാണ് കണക്കുകള്‍.

വെസ്റ്റ്ബാങ്കില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന വംശഹത്യക്കായുള്ള നടപടികളാണ് ഇസ്രഈലിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: US Politician Ro khanna  Blocked by Israeli Settlers in the West Bank




റെന്വര്‍



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related