13
July, 2026

A News 365Times Venture

13
Monday
July, 2026

A News 365Times Venture

സമരം വൈറ്റ് ഹൗസിന് മുമ്പിലല്ല, രാജ്യതലസ്ഥാനത്ത്! കശ്മീരിന്റെ സംസ്ഥാന പദവിക്കായി സമരപ്രഖ്യാപനവുമായി ഒമര്‍ അബ്ദുള്ള

Date:



national news


സമരം വൈറ്റ് ഹൗസിന് മുമ്പിലല്ല, രാജ്യതലസ്ഥാനത്ത്! കശ്മീരിന്റെ സംസ്ഥാന പദവിക്കായി സമരപ്രഖ്യാപനവുമായി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അകാരണമായ കാലതാമസത്തില്‍ പ്രതിഷേധിച്ച് സമരപ്രഖ്യാപനവുമായി മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള. ജൂലൈ 20 മുതല്‍ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം കാത്തിരുന്നിട്ടും സംസ്ഥാന പദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം അനുകൂലമായ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തങ്ങള്‍ പുതിയ സമരതന്ത്രത്തിലേക്ക് നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹാരം കാണാന്‍ ശ്രമിച്ചിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് പരസ്യമായ സമരപരിപാടികളിലേക്ക് കടക്കുന്നത്.

രാജ്യത്തിന്റെ ഒരു ഭാഗത്തെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് രാജ്യത്തിന്റെ തലസ്ഥാനത്തല്ലെങ്കില്‍ പിന്നെ എവിടെയാണെന്ന് ഒമര്‍ അബ്ദുള്ള ചോദിച്ചു. ‘ദല്‍ഹിയില്‍ അല്ലെങ്കില്‍ പിന്നെ എവിടെ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ബി.ജെ.പി നേതാക്കള്‍ ഈ സമരത്തെ പരിഹസിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

‘സംസ്ഥാന പദവിക്കായി ഞങ്ങള്‍ അമേരിക്കയിലെ വൈറ്റ് ഹൗസിന് മുന്നിലാണോ പ്രതിഷേധിക്കേണ്ടത്?’ എന്ന് അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു. ജമ്മു കശ്മീരിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ദല്‍ഹിയില്‍ തന്നെ സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടണമെന്ന് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. കൂടാതെ, ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായാല്‍ ‘എത്രയും വേഗം’ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യവും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനെ ഒരു ഭരണഘടനാപരമായ ബാധ്യതയായി കാണുന്നതിന് പകരം, ബി.ജെ.പി അതിനെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. അനുയോജ്യമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്, ബി.ജെ.പി അവിടെ അധികാരത്തില്‍ വരുന്നത് വരെയാണോ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

രാജ്യം വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം ഒപ്പം നിന്ന ജമ്മുവിലെ ജനങ്ങളെ, സംസ്ഥാന പദവി നിഷേധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ക്രൂരമായി ശിക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യവിഭജന കാലത്ത് കനത്ത വര്‍ഗീയ സംഘര്‍ഷങ്ങള്‍ നിലനിന്നപ്പോഴും ഗാന്ധിജി ജമ്മു കശ്മീരിനെ വര്‍ഗീയ സൗഹാര്‍ദത്തിന്റെ പ്രതീകമായി വിശേഷിപ്പിച്ചത് ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ജമ്മുവിനോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗറില്‍ നിന്ന് പുലര്‍ച്ചെ 6 മണിക്ക് റോഡ് മാര്‍ഗം ജമ്മുവിലെത്തിയ ഒമര്‍ അബ്ദുള്ള, അവിടെ വെച്ച് നടന്ന വന്‍ പൊതുറാലിയിലാണ് ദല്‍ഹി സമരത്തിന് ജനങ്ങളുടെ പിന്തുണ തേടിയത്. ജമ്മു കശ്മീരിന് പൂര്‍ണമായ സംസ്ഥാന പദവി തിരികെ ലഭിക്കുന്നത് വരെ സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സമരം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

Content highlight: Statehood for Jammu and Kashmir: Omar Abdullah announces protest in Delhi starting July 20.

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related