Kerala News
കെ.ടി. ജലീലിന്റെ നടപടി ശരിയായില്ല, ജാഗ്രത വേണമായിരുന്നു; വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍
മലപ്പുറം: മണ്ണാര്‍ക്കാട് നഗരസഭയിലെ അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ചെവിയില്‍ നുള്ളിയ മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ജലീല്‍ ചെയ്തത് ശരിയായില്ലെന്നും ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന് കൂടുതല്‍ ജാഗ്രത വേണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കുട്ടികളെ പൊതുവേദിയില്‍ അപമാനിക്കുന്നത് അവര്‍ക്ക് വലിയ മാനസിക പ്രയാസം ഉണ്ടാക്കുമെന്നും ഇത് അവരില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ഗൗരവമായി കാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് സ്വകാര്യമായി തിരുത്തിക്കൊടുക്കുകയാണ് വേണ്ടിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വന്തം തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകാത്ത ജലീലിനെ തിരുത്താന്‍ സി.പി.ഐ.എം തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വേദിയില്‍ അപമാനിതരായ കുട്ടികള്‍ക്ക് പരാതിയില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് പിന്നിലെ കാരണം ആര്‍ക്കും മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതുവേദിയില്‍ വെച്ച് കുട്ടികളോട് പൊതുപ്രവര്‍ത്തകര്‍ പെരുമാറുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപരമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയും പൊതുശ്രദ്ധ നേടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാറാണ് കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി ഈ നടപടിക്ക് ഉത്തരവിട്ടത്.
അതേസമയം, വിഷയത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് ജലീല്‍ രംഗത്തെത്തിയിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുമ്പ് താന്‍ അധ്യാപകന്‍ ആയിരുന്നെന്നും, അധ്യാപകന്‍ കുട്ടികളോട് തമാശപൂര്‍വം പെരുമാറുന്നത് പോലെയാണ് മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ താന്‍ പെരുമാറിയതെന്നുമായിരുന്നു ജലീലിന്റെ വിശദീകരണം.
‘ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ചു എന്നത് ശരിയാണ്. അപ്പോള്‍ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറര്‍ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാന്‍ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാല്‍ അതു ബോധ്യമാകും.
ഏതെങ്കിലും രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ എന്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാല്‍ തീര്‍ച്ചയായും അതു പരിഗണിക്കും,’ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
Content Highlight: K.T. Jaleel’s action was improper; caution was required: Education Minister N. Shamsudheen.
ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




