മന്ത്രോച്ചാരണത്തില്‍ എഴുന്നേറ്റ് നില്‍ക്കണം, മോദിയില്‍ നിന്ന് മെഡല്‍ വാങ്ങുമ്പോള്‍ എത്രത്തോളം കുനിയണമെന്നും നിര്‍ദേശം: ഐ.ഐ.ടി ദല്‍ഹിയിലെ പരിപാടി വിവാദത്തില്‍
ന്യൂദല്‍ഹി: ജെന്‍ സി പ്രതിഷേധത്തിന് ശേഷം വിദ്യാര്‍ത്ഥികളോട് ആദ്യമായി നേരിട്ട് സംവദിച്ച് മോദി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) യിലെ ബിരുദദാന ചടങ്ങിലാണ് മോദി പങ്കെടുത്തത്.
എന്നാല്‍ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം ഈ ചടങ്ങ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. മെഡലുകള്‍ സ്വീകരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ എത്രത്തോളം തലകുനിക്കണം എന്നതിനെക്കുറിച്ച് പ്രത്യേക നിര്‍ദേശം നല്‍കിയതായും വൈദിക മന്ത്രോഛാരണ സമയത്ത് എഴുന്നേറ്റ് നില്ക്കാന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പരിപാടിക്ക് മുന്നോടിയായുള്ള ദിവസങ്ങളില്‍ സുരക്ഷാ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ തുടര്‍ച്ചയായി പരിശോധിക്കുകയും ബിരുദ ദാന ചടങ്ങ് നടക്കുന്ന ഹാളിലേക്ക് കുപ്പിവെള്ളം കൊണ്ട് പോവുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. കൂടാതെ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ക്യാമ്പസ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് തടയുകയും ചെയ്തിരുന്നു.
ഏകദേശം 3,000 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിച്ചുവെങ്കിലും, മിടുക്കരായ ഒമ്പത് വിദ്യാര്‍ത്ഥികളെ ആദരിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി മോദി എത്തിയത്. ചടങ്ങിന്റെ ആദ്യ പകുതിയില്‍ സാധാരണയായി നടത്താറുള്ള ബിരുദദാന പരിപാടി ഈ ആദരിക്കല്‍ ചടങ്ങ് കാരണം രണ്ടാം പകുതിയിലേക്ക് മാറ്റിവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ സംഭവത്തെ അപലപിച്ച് കൊണ്ട് അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ബോധവല്‍ക്കരണം നല്‍കരുതെന്ന് പറയുന്ന ആര്‍ട്ടിക്കിള്‍ 28 എന്നിവയുടെ കടുത്ത ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തി ഇത്തരം സംഭവങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Content Highlight: Instructions issued to stand during the chanting of mantras and on how deeply to bow while receiving a medal from Modi; IIT Delhi event sparks controversy.




