Kerala
മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ ഉള്ള സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മോഹന്‍ദാസിന് ജാമ്യം കിട്ടുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ സംഘപരിവാര്‍ പ്രചാരകന് ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം എം.എല്‍.എയും ഡി.വൈ.എഫ്.ഐ നേതാവുമായ വി.എസ് സനോജ്.
ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി നോട്ടീസ് പോലും നല്‍കാതെ അറസ്റ്റ് ചെയ്ത് കോടതിയില്‍ അറിഞ്ഞുകൊണ്ട് തന്നെ പരാജയപ്പെടുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സനോജ് വിമര്‍ശിച്ചു. മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ ഉള്ള സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മോഹന്‍ദാസിന് ജാമ്യം കിട്ടുക തന്നെ ചെയ്യുമെന്നും സനോജ് പറഞ്ഞു.
‘ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി, നോട്ടീസ് പോലും നല്‍കാതെ അറസ്റ്റ് ചെയ്യുക. അറിഞ്ഞ് കൊണ്ട് കോടതിയില്‍ തേയുക… മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ ഉള്ള സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മോഹന്‍ദാസിന് ജാമ്യം കിട്ടുക തന്നെ ചെയ്യും…’ സനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മോഹന്‍ദാസിന് ജാമ്യം ലഭിച്ചതിന് പിന്നാലെ എസ്.എഫ്.ഐ നേതാവായ എം.ശിവപ്രസാദും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചിരുന്നു. ‘തുടര്‍ന്നും കുരക്കാനും മനുഷ്യരെ കടിക്കാനും വര്‍ഗീയ പേപ്പട്ടികള്‍ ലഭിക്കുന്ന ലൈസന്‍സ് ആവരുത് ജാമ്യം,’ എന്നാണ് ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുുറിച്ചത്.
വിദ്വേഷ പരാമര്‍ശം നടത്തിയ മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയാള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ച സംഭവത്തിലും ശിവപ്രസാദ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.
ഉന്നാവോയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനും ബില്‍ക്കിസ് ബാനു ആക്രമിച്ച ക്രിമിനലുകള്‍ക്കും എട്ട് വയസ്സുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കും ജയ് വിളിച്ചവര്‍ മോഹന്‍ ദാസ് എന്ന അറു വഷളന്‍ വേണ്ടി മുദ്രാവാക്യം വിളിക്കുന്നതില്‍ അത്ഭുതമില്ലെന്ന് ശിവപ്രസാദ് പറഞ്ഞു. സംഘപരിവാര്‍ എന്ന അപകടത്തെ കണ്ണു തുറന്ന് കേരളം കാണട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഉന്നാവോയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ആ കുട്ടിയുടെ കുടുംബത്തെ ഇല്ലാതാക്കിയ ബി.ജെ.പി നേതാവിന് ജയ് വിളിച്ചവര്‍. ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍ക്കിസ് ബാനുവിനെയും കുടുംബത്തെയും ക്രൂരമായി അക്രമിച്ചതിന് ശിക്ഷിക്കപ്പെട്ട ക്രിമിനലുകള്‍ക്ക് മാല ഇട്ട് സ്വീകരണം നല്കിയവര്. എട്ട് വയസുകാരിയെ അതിക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയ നരാധമന്മാര്ക്ക് സ്വീകരണം നല്കിയവര്.
നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ മതഭ്രാന്തനായ ഗോഡ്സെയെ ആരാധിക്കുന്നവര്‍.സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത വി. ഡി. സവര്‍ക്കറെ മാതൃകയാക്കുന്നവര്‍.
ടി. ജി. മോഹന്‍ദാസ് എന്ന അറുവശളന് വേണ്ടി അവര്‍ മുദ്രാവാക്യം വിളിക്കുന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം അവര്‍ മനുഷ്യത്വ വിരോധികളായ വര്‍ഗീയ ഭ്രാന്തന്മാരുടെ കൂട്ടമായ സംഘപരിവാറുകാരാണ്! സംഘപരിവാര്‍ എന്ന അപകടത്തെ കണ്ണു തുറന്ന് കേരളം കാണട്ടെ,’ ശിവപ്രസാദ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് ടി.ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി. ഇന്ന് പകല്‍ കോടതിയില്‍ മോഹന്‍ദാസിനെ ഹാജരാക്കുകയും ചെയ്തു. മോഹന്‍ദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അയാള്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു.
ജൂലൈ 26നായിരുന്നു യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും മോഹന്‍ദാസിന്റെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചത്. താനായിരുന്നു ഭരിക്കുന്നതെങ്കില്‍ ജന്തര്‍ മന്ദറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പിരിഞ്ഞ് പോകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് വെടിവെപ്പ് നടത്തുകയും ചെയ്യുമായിരുന്നുവെന്നായിരുന്നു വീഡിയോയില്‍ മോഹന്‍ദാസ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളിലൊന്ന്. വെടിവെപ്പില്‍ കുറേ പേര് മരണപ്പെടുമായിരുന്നെന്നും അവരുടെ ശവങ്ങള് പെറുക്കിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുമായിരുന്നെന്നും മോഹന്‍ദാസ് വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.
പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടുന്നവരാണെന്ന വിദ്വേഷ പരാമര്‍ശവും വീഡിയോയില്‍ മോഹന്‍ദാസ് നടത്തിയിരുന്നു. ‘വോക്ക് തലയില്‍ കയറിയാല്‍ പിന്നെ അറുതല തുള്ളുന്ന പോലെയാണ്. പിന്നെ എന്തും ചെയ്യും. എന്ത് ഹീനകൃത്യം ചെയ്യും. ഇവരെ ആത്മഹത്യ ചെയ്യിക്കാന്‍ വളരെ എളുപ്പമാണ്,’ എന്ന പരാമര്‍ശവും മോഹന്‍ദാസ് നടത്തിയിരുന്നു.
ഇന്നലെ (ഓഗസ്റ്റ് ഒമ്പത്, ഞായര്‍) വൈകിട്ട് കൊച്ചി മട്ടാഞ്ചേരിയിലുള്ള മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തുകയും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അയാളെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയപ്പോഴായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടി അയാള്‍ക്ക് അഭിവാദ്യം അര്‍പിച്ച് മുദ്രാവാക്യം മുഴക്കിയത്. മോഹന്‍ദാസിനെ തള്ളിപ്പറയുന്നതായി ആര്.എസ്.എസ് അവകാശപ്പെടുമ്പോഴാണ് സംഘപരിവാര്‍ അനുകൂലികള്‍ പൊലീസ് സ്റ്റേഷനിലെത്തി അയാളെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത്.
മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ മോഹന്‍ദാസിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റുന്നതിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയാളെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മലയാളം ടി.വി ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് മോഹന്‍ദാസിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlight: CPIM MLA and SFI Leader About TG Mohandas Getting Bail on Hate Comment Case
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




