മന്ത്രിമാരുടെ നായകൾക്ക് പോലും സർക്കാർ സ്കൂൾ വിദ്യാർത്ഥികളേക്കാൾ സൗകര്യങ്ങൾ ലഭിക്കുന്നു: അഭിജിത് ദീപ്കെ
ലത്തൂർ: മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് പോലും സ്കൂൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ. സി.ജെ.പിയുട ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിനിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ഒരു സ്കൂൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ സ്കൂളുകൾ പരിതാപകരമായ അവസ്ഥയിലാണെന്നും സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദ ഭൂസെ രാജിവെക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്കുൂളുകളുടെ മോശം അവസ്ഥക്ക് ജനപ്രതിനിധികളും മന്ത്രിമാരുമാണ് ഉത്തരവാദികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല
മതിയായ ക്ലാസ്റൂമുകളോ ബെഞ്ചുകളോ ടോയ്ലറ്റുകളോ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് എത്രയോ സ്കൂളുകൾ പ്രവർത്തിക്കുന്നത്. പല സ്കൂളുകളിലേക്കും എത്തിച്ചേരുന്നതിനായി സുരക്ഷിതമായ റോഡ് സൗകര്യം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇത് വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ പ്രശ്നമാണ്. രാഷ്ട്രീയ നേതാക്കൾ വിദ്യാർത്ഥികൾക്കായി ഒന്നും ചെയ്യുന്നില്ലെങ്കിൽ എന്തിന് അവർക്ക് വോട്ട് ചെയ്യണം? അവരെ ഹെലികോപ്റ്ററിൽ മാത്രം യാത്ര ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കാനാണോ വോട്ട് ചെയ്യേണ്ടത്. അവരുടെ കുട്ടികൾ ഏത് സാഹചര്യത്തിലാണ് പഠിക്കുന്നതെന്ന് ആളുകൾ കാണണം. ഈ മന്ത്രിമാരുടെ വളർത്തു നായ്ക്കൾക്ക് ഇതിനേക്കാൾ മികച്ച സൗകര്യങ്ങൾ ലഭിക്കുന്നു,’ ദീപ്കെ പറഞ്ഞു.
‘ജനങ്ങൾ രാഷ്ട്രീയ നേതാക്കളോട് വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്നതിന് പ്രാധാന്യം നൽകാൻ പറയണം. അതിന് ശേഷം വോട്ട് ചോദിച്ചാൽ മതിയെന്നും പറയണം,’ ദീപ്കെ ആവശ്യപ്പെട്ടു.
നേതാക്കളോട് വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കാൻ പറയണം
‘പാർട്ടി ഏതെന്ന് നോക്കാതെ ജനങ്ങൾ അവരുടെ ഗ്രാമത്തിലേക്ക് വരുന്ന നേതാക്കളോട് വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കാൻ പറയണം. വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്നതുവരെ വോട്ട് ചോദിച്ച് വീട്ടിൽ വരരുതെന്ന് അവരോട് പറയണം. രാഷ്ട്രീയത്തിനായി, നമ്മൾ നമ്മുടെ വീടുകളിൽ നിന്ന് ജാതിയുടെയും സമുദായത്തിന്റെയും പതാകകളുമായി പുറത്തിറങ്ങുന്നു. അതുപോലെ, നമ്മുടെ കുട്ടികളുടെ സ്കൂളുകൾക്കായി നമ്മൾ ഇറങ്ങണം.
മതം അപകടത്തിലാണെന്ന് ഈ ആളുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത്രയും വർഷത്തിനിടെ മതം അവസാനിച്ചില്ല, നിങ്ങളുടെ ഭരണകാലത്ത് അത് അവസാനിക്കുമെന്നാണോ പറയുന്നത്? മതം എങ്ങും പോകില്ല. പക്ഷേ കുട്ടികളുടെ ഭാവിയെ ഇവിടത്തെ അവസ്ഥകൾ ബാധിക്കും,’ ദീപ്കെ പറഞ്ഞു.
സ്കൂളുകളുടെ അവസ്ഥ കാണുമ്പോൾ വിദ്യാഭ്യാസ മന്ത്രി ആ സ്ഥാനത്ത് തുടരേണ്ടതില്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും ദീപ്കെ വ്യക്തമാക്കി. മന്ത്രിമാരും ജന പ്രതിനിധികളും സ്വന്തം കുട്ടികളെ സർക്കാർ സ്കൂളുകളിൽ പഠിക്കാൻ അയച്ചാൽ മാത്രമേ സർക്കാരിന് ആ സ്കൂളുകൾ മെച്ചപ്പെടുത്തേണ്ടതിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാകൂവെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സർക്കാർ എന്താണ് നേടിയത്
ചോർന്നൊലിക്കുന്ന തകര ഷീറ്റ് വെച്ച് മറച്ച, ആവശ്യത്തിന് ബെഞ്ചുകളുമില്ലാത്ത സ്കൂളുകളിലാണ് ഇപ്പോഴും വലിയൊരു വിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്നത്. ഈ അടിസ്ഥാന പ്രശ്നങ്ങൾ 10 വർഷംകൊണ്ട് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സർക്കാർ എന്താണ് നേടിയതെന്ന് വിശദീകരിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.
സ്കൂളുകളിൽ പാമ്പുകടിയേറ്റ് കുട്ടികൾ മരിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ചും ദീപ്കെ സംസാരിച്ചു. ഇത്തരം സംഭവങ്ങൾ സുരക്ഷിതമായി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലുള്ള അധികാരികളുടെ പരാജയത്തെയാണ് തുറന്നുകാട്ടുന്നത്. നേരത്തെ സി.ജെ.പി സംഘം പരിശോധിച്ച പല സ്കൂളിലും വൃത്തിഹീനമായ സാഹചര്യങ്ങളായിരുന്നു. സ്കൂൾ പരിസരത്തിന് പിറകിൽ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയിരുന്നു. അത് പാമ്പുകൾക്ക് കഴിയാൻ അനുകൂല്യമായ സാഹചര്യമാണെന്നും ദീപ്കെ പറഞ്ഞു.
പൊതുവിദ്യാലയങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ഗ്രാമങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ദിപ്കെ പറഞ്ഞു. നിലവിൽ സ്കൂളുകളിൽ പഠിക്കുന്ന യുവതലമുറയ്ക്കുവേണ്ടിയും സർക്കാർ പരിഗണിക്കണം. അവരുടെ ആശങ്കകൾ അവഗണിക്കപ്പെട്ടാൽ യുവ വോട്ടർമാർ സർക്കാരുകൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2029 ലെ തിരഞ്ഞെടുപ്പോടെ യുവാക്കൾ ഒരു പ്രധാന തിരഞ്ഞെടുപ്പ് ശക്തിയായി മാറുമെന്നും ദീപ്കെ വ്യക്തമാക്കി. യുവാക്കളുടെ പ്രശ്നങ്ങൾ രാഷ്ട്രീയ പാർട്ടികൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുറത്തുള്ളവർ സ്കൂൾ വളപ്പിലെത്തി മദ്യപിക്കുന്നു
അതേസമയം, ലാത്തൂരിലെ സർക്കാർ സ്കൂളുകളെ ചിലർ മദ്യപിക്കുന്നതിനും കഞ്ചാവ് വലിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായി മായി മാറിയിരിക്കുന്നുവെന്ന് ദീപ്കെ എക്സ് പോസ്റ്റിൽ പറഞ്ഞു. ബി.ഡി.ഒ ഓഫീസിൽ നിന്ന് കഷ്ടിച്ച് 200 മീറ്റർ മാത്രം അകലെയുള്ള സ്കൂൾ പരിസരത്താണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ അധികാരികൾ സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ സ്കൂളുകളിൽ പരിശോധയുണ്ടാവുമ്പോൾ സ്വന്തം മക്കളെ ആ സ്കൂളിലെ വിദ്യാർത്ഥികളായി വേഷം കെട്ടിക്കുകയാണെന്ന് ദീപ്കെ മറ്റൊരു എക്സ് പോസ്റ്റിൽ പറഞ്ഞു. ‘എന്തുകൊണ്ടാണ് നിങ്ങൾ ഇത്ര തരംതാഴുന്നത്? സ്കൂളുകൾ മെച്ചപ്പെടുത്താത്തത് എന്തുകൊണ്ട്?’ എന്നും ദീപ്കെ ചോദിച്ചു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് സി.ജെ.പി ‘സ്കൂൾ ഠീക് കരോ’ എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിച്ചത്. രാജ്യത്തെ സർക്കാർ സ്കൂളുകളുട ശോച്യാവസ്ഥ പരിഹരിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് ക്യാമ്പയിൻ.
Content Highlight: Even ministers’ dogs get better facilities: Dipke on condition of government schools




