‘വോട്ട് ബാങ്കിനായി ദേശവിരുദ്ധ നിലപാട്’; വന്ദേമാതരത്തില്‍ കോണ്‍ഗ്രസ് മുസ്‌ലിങ്ങളെ പ്രീണിപ്പിക്കുകയാണെന്ന് അമിത് ഷാ
ന്യൂദല്‍ഹി: ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കുന്ന കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ
തീരുമാനം അതിശയിപ്പിക്കുന്നതും രാജ്യവിരുദ്ധവുമാണെന്നും വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമായാണ് ഈ നിലപാടെന്നും അമിത് ഷാ പറഞ്ഞു.
എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നലെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഒരു ദേശവിരുദ്ധ തീരുമാനമെടുത്തു. 1937 ലെ പ്രമേയത്തെ തുടര്‍ന്ന് വന്ദേമാതരത്തിന്റെ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാനായി വന്ദേമാതരത്തെ വിഭജിച്ച് കൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന്റെ വിഭജനത്തിന് അടിത്തറയിട്ടുവെന്ന് ഞാന്‍ രാജ്യത്തെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു,’ ഷാ പറഞ്ഞു.
മറുവശത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ തെറ്റ് തിരുത്തുകയും വന്ദേമാതരത്തിന് ഒരു നിയമപരമായ ചട്ടക്കൂട് നല്‍കുകയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
‘ കോണ്‍ഗ്രസിന്റെ തീരുമാനം പ്രീണന നയത്തെ സ്ഥിരീകരിക്കുന്നു. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുട ഈ സൃഷ്ടിയെ മാത്രമല്ല, രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ലക്ഷക്കണക്കിന് ആളുകളെയും അവര്‍ അപമാനിച്ചു. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി 1937 ലെ പ്രമേയം നടപ്പിലാക്കുകയാണ്. പക്ഷേ പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമം നിരസിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും പ്രീണന രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു,’ ഷാ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഈ നിലപാടിനെ ശക്തമായി എതിര്‍ക്കണമെന്ന് അമിത് ഷാ എ.എന്‍.ഐയോട് പറഞ്ഞു.
‘വന്ദേമാതരം രണ്ടായി വിഭജിക്കാന്‍ അനുവദിച്ചുകൊണ്ട് രാജ്യം ഒരിക്കല്‍ ഒരു തെറ്റ് ചെയ്തു. അതിന്റെ അനന്തര ഫലങ്ങള്‍ നാം അനുഭവിച്ചിട്ടുണ്ട്. ഇനി കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം നടക്കില്ലെന്ന് നമ്മള്‍ പറയണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തെ താന്‍ അപലപിക്കുന്നു,’ ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlights: Anti-national stance for vote bank’; Amit Shah accuses Congress of appeasing Muslims over Vande Mataram.




