India
കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല: സെപ്റ്റംബര്‍ അഞ്ചിന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സി.ജെ.പി
ന്യൂദല്‍ഹി: ജൂലൈ 25ന് പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെ സെപ്റ്റംബര്‍ അഞ്ചിന് ദല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന മാര്‍ച്ച് ഇന്ത്യ ഗേറ്റില്‍ നിന്ന് ആരംഭിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് അവസാനിക്കുമെന്ന് സി.ജെ.പി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ സെപ്തംബര്‍ അഞ്ചിന്റെ മാര്‍ച്ചില്‍ പങ്കെടുക്കും. ജൂലൈയില്‍ പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങള്‍ നേരിട്ടവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും സി.ജെ.പി വ്യക്തമാക്കി.
‘ഞങ്ങളുടെ ക്ഷമയെ ദൗര്‍ബല്യമായി തെറ്റിദ്ധരിക്കരുത്. ഞങ്ങളുടെ ശുഭാപ്തി വിശ്വാസത്തെ സര്‍ക്കാരിന് ഈ രാജ്യത്തെ യുവാക്കളെ ഒറ്റിക്കൊടുക്കാനുള്ള അവസരമായി മാറ്റരുത്’എന്ന് സി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ അവര്‍ തന്ന വാക്കുകളെ മാനിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ചേര്‍ന്ന സി.ജെ.പി ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. ജൂലൈ 25ന് പ്രതിഷേധം അവസാനിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് സി.ജെ.പി ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ദല്‍ഹി ജന്തര്‍ മന്ദറില്‍ 36 ദിവസമായി നടത്തിയിരുന്ന പ്രതിഷേധം കഴിഞ്ഞ മാസം 25ന് അവസാനിപ്പിച്ചിരുന്നു. ധര്‍മേന്ദ്രപ്രധാന്റെ രാജിക്ക് പുറമെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്കിയ മറ്റ് ഉറപ്പുകള്‍ കൂടി പരിഗണിച്ചായിരുന്നു പ്രതിഷേധം നിര്‍ത്താന്‍ സി.ജെ.പി തയ്യാറായത്.
നീറ്റ് പരീക്ഷാ ക്രമക്കേട് കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്രം അന്ന് ഉറപ്പ് നല്‍കിയിരുന്നു. ദല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കണമെന്നും പുതിയ കേസുകളെടുക്കരുതെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
ജൂലൈ 25 ന് ഇന്ത്യയിലെ യുവാക്കള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരായ എഫ്.ഐ.ആര് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്ര ഗവണ്മെന്റിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കാലതാമസം വരുത്തുകയും ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സാഹചര്യത്തില്‍, സമാധാനപരമായ പ്രക്ഷോഭങ്ങള്‍ പുനരാരംഭിക്കാന്‍ സി.ജെ.പി ദേശീയ പ്രവര്‍ത്തക സമിതി തീരുമാനിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
‘2026 ജൂലൈ 25 ന് ഈ രാജ്യത്തെ യുവാക്കള്‍ക്ക് നല്കിയ ഗൗരവമേറിയ പ്രതിജ്ഞകള്‍ കേന്ദ്ര സര്‍ക്കാരും എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് അവലോകനം ചെയ്യുന്നതിനായി കോക്ക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) ദേശീയ പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേര്‍ന്നു. സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കമ്മിറ്റി അംഗങ്ങള്‍ ഗുരുതരമായ സംശയം പ്രകടിപ്പിച്ചു,’ എന്നും സി.ജെ.പി പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസത്തിനിടെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനുപകരം, സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവ നടപ്പാക്കാതിരിക്കുകയാണ്. ഉറപ്പു നല്കിയ കാര്യങ്ങളെക്കുറിച്ച് സുപ്രീംകോടതിക്ക് മുമ്പാകെ വ്യക്തമായി സംസാരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യത്താകൈ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ ഒരു ലിസ്റ്റ് നല്കാന് സുപ്രീം കോടതി ആഗസ്റ്റ് 18 ന് കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ചിരുന്നു. അങ്ങനെ കോടതിക്ക് അവ ഒരുമിച്ച് റദ്ദാക്കുന്നത് പരിഗണിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആ കാര്യവും ചെയ്തില്ലെന്നും സി.ജെ.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Content Highlight: CJP calls for Sept 5 march over Centre’s failed promises
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




