31
August, 2026

A News 365Times Venture

31
Monday
August, 2026

A News 365Times Venture

ടി.കെ ഗോവിന്ദന്‍ തളിപ്പറമ്പിന്റെ ബ്രൂട്ടസ്; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് കെ.കെ രാഗേഷ്

Date:



Kerala


‘ടി.കെ ഗോവിന്ദന്‍ തളിപ്പറമ്പിന്റെ ബ്രൂട്ടസ്’; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് കെ.കെ രാഗേഷ്

കണ്ണൂര്‍: തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനെതിരെ ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പറ്റാത്തതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ രാകേഷ്. ടി.കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനും തളിപ്പറമ്പിലെ ബ്രൂട്ടസുമാണെന്നും രാഗേഷ് പറഞ്ഞു. തളിപ്പറമ്പില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവിടെ ശക്തമായ മത്സരം നടത്താന്‍ വേണ്ടി കഴിയുന്ന വിധത്തിലുള്ള ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കണമായിരുന്നു. അതില് ഞങ്ങള്‍ക്ക് വീഴ്ച പറ്റി. ആ വീഴ്ച ഈ നാട്ടിലെ ജനങ്ങളോട് തുറന്നു പറയുന്നതിന് ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല,’ കെ.കെ. രാഗേഷ് പറഞ്ഞു.

വീഴ്ചയ്‌ക്കൊാപ്പം ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിക്ക് തന്ന കുത്തും സി.പി.ഐ.എമ്മിനെ ബാധിച്ചെന്നും രാഗേഷ് പറഞ്ഞു.

എതിരാളികള്‍ ഒത്തുചേര്‍ന്നുകൊണ്ട് ഈ പാര്‍ട്ടിയെ ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ വേണ്ടി നോക്കുമ്പോള്‍ ഞങ്ങള്‍ അതിനെ ഓരോന്നോരോന്നായി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഞങ്ങളുടെ കൂട്ടത്തുനിന്ന് ഒരു കുത്തെന്നും രാഗേഷ് പറഞ്ഞു.

ഈ തളിപ്പറമ്പില്‍ എതിരാളിയുടെ കുത്തിനെ ഞങ്ങള്‍ക്ക് സഹിക്കാം. ആ കുത്തിനെ പ്രതിരോധിക്കാനുള്ള കെല്‍പ് പാര്‍ട്ടിക്കുണ്ടെന്നും രാാഗേഷ് പറഞ്ഞു. ഗോവിന്ദന്‍ പാര്‍ട്ടിയിലിരിക്കെ തന്നെ ഡീല്‍ ഉണ്ടാക്കിയെന്നും രാഗേഷ് ആരോപിച്ചു. ആ ഡീല്‍ മനസില്‍ വെച്ചിട്ടാണ് ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തിലിരുന്നതെന്നും രാഗേഷ് ആരോപിക്കുന്നു.

വര്‍ഗ്ഗവഞ്ചകന്‍ എന്നല്ലാതെ ടി.കെ ഗോവിന്ദന്‍ മാഷെ എന്ത് പേരില്‍ വിളിക്കണമെന്നും രാഗേഷ് ചോദിച്ചു. ജൂലിയസ് സീസറെ ചതിച്ച ബ്രൂട്ടസിനെ പോലെയാണ് ടി.കെ. ഗോവിന്ദനെന്നും രാഗേഷ് ആരോപിച്ചു.

‘നിങ്ങള്‍ വര്‍ഗ്ഗവഞ്ചകനല്ലേ. ലോക ചരിത്രം എടുത്ത് പരിശോധിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ചരിത്രത്തില്‍ റോമാ സാമ്രാജ്യത്വത്തിന്റെ ചക്രവര്‍ത്തിയായ ഒരു മനുഷ്യനെ കിട്ടും. ജൂലിയസ് സീസര്‍. സീസറുടെ കൂടെയുള്ള ഒരാളായിരുന്നു ബ്രൂട്ടസ്.

ഒരു ദിവസം സെനറ്റ് യോഗം ചേരുന്ന സമയത്ത് എതിരാളികള്‍ സീസറെ ആക്രമിക്കുന്നു. പലരും ആക്രമിക്കുമ്പോള്‍ ശത്രുപക്ഷത്ത് ഇരിക്കുന്നവരാണെന്ന് അറിയാം. അവരെയെല്ലാം സീസര്‍ ധൈര്യത്തോടെ നേരിടുന്നു.

അപ്പോഴാണ് കൂടെ നില്‍ക്കുന്ന ബ്രൂട്ടസ് എന്ന് പറയുന്ന മനുഷ്യന്‍ പിന്നില്‍ നിന്ന് സീസറെ കുത്തുന്നത്. ബ്രൂട്ടസ് കുത്തുകയാണ്. ആ കുത്തല്‍ നേരെ നെഞ്ചിലേക്കാണ് തുളച്ചു കയറിയത്.

സീസര്‍ പറഞ്ഞു ബ്രൂട്ടസേ നീയോ. സീസര്‍ അലറി വിളിച്ച ഒരു വിളിയുണ്ട്. എന്റെ സുഹൃത്തായ നീ എന്നെയോ എന്ന് വിളിച്ച ജൂലിയസ് സീസറിന്റെ ആ വാക്കുകള്‍ നമ്മള്‍ ഓര്‍ക്കണം,’ രാഗേഷ് പറഞ്ഞു.

‘ഈ പാര്‍ട്ടിയെ പല ഭാഗത്തുനിന്നും ഇങ്ങനെ പലരും ആക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂടെ ഇരിക്കുന്ന ഒരുത്തന്‍ വന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ പാര്‍ട്ടിയുടെ നെഞ്ചത്ത് വെച്ചു കുത്തുകയാണ്. ഈ മണ്ഡലത്തിന്റെ ബ്രൂട്ടസ് ആണ് സാക്ഷാല്‍ ടി.കെ. ഗോവിന്ദമാഷ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. തളിപ്പറമ്പിന്റെ ബ്രൂട്ടസ്,’ രാഗേഷ് പറഞ്ഞു.

‘തളിപ്പറമ്പിന്റെ ബ്രൂട്ടസ്. നിങ്ങള്‍ നിങ്ങള്‍ ഈ പാര്‍ട്ടിയുടെ കൂടെ നിന്ന് പാര്‍ട്ടിയുടെ നെഞ്ചിലേക്ക് കടാര വെച്ച് കുത്തിയ ബ്രൂട്ടസ്. നിങ്ങളല്ലേ ചെയ്തത്. ചെയ്യാന്‍ പാടുണ്ടോ.

എത്ര വിശ്വസ്തതയോടെ എത്ര വലിയ ചുമതല നിങ്ങളെ ഏല്‍പ്പിച്ചു ഈ പാര്‍ട്ടി. എല്ലാ കാര്യവും വിശ്വസിച്ച് ഏല്‍പ്പിച്ച ഒരു മനുഷ്യന്‍, അയാളാണ് പാര്‍ട്ടിയുടെ ഒപ്പം നിന്നുകൊണ്ട് പാര്‍ട്ടിക്കെതിരായി ഒരു നിര്‍ണായക ഘട്ടത്തില്‍ നെഞ്ചില്‍ വെച്ച് കുത്തിയത്.

അങ്ങനെ കുത്തിയ ടി.കെ. ഗോവിന്ദന്‍ മാഷെ ഈ പാര്‍ട്ടി ഒരിക്കലും മറക്കില്ല. ടി.കെ. ഗോവിന്ദന്‍ മാഷെ തളിപ്പറമ്പ് മണ്ഡലം ഒരിക്കലും മറക്കില്ല. ഞങ്ങള്‍ ഓര്‍ത്തുവെക്കും. നിങ്ങളെ എല്ലാ കാലവും ഓര്‍ത്തു വെക്കും. നിങ്ങള്‍ ചതിയനാണ് നിങ്ങള്‍ വര്‍ഗ്ഗവഞ്ചകനാണ്,’ രാഗേഷ് ആരോപിച്ചു.

Content Highlight: Talipparamba: CPIM Leader KK Ragesh’s Speech Against TK Govindan

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related